Publicidade

Provérbios 15

1 മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;

കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.

2 ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു;

മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു.

3 യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്;

ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.

4 നാവിന്‍റെ ശാന്തത ജീവവൃക്ഷം;

അതിന്‍റെ വക്രതയോ മനോവ്യസനം.

5 ഭോഷൻ അപ്പന്‍റെ പ്രബോധനം നിരസിക്കുന്നു;

ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും.

6 നീതിമാന്‍റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്;

ദുഷ്ടന്‍റെ ആദായത്തിലോ അനർത്ഥം.

7 ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു;

മൂഢന്മാരുടെ ഹൃദയം നേരുള്ളതല്ല.

8 ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്;

നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം.

9 ദുഷ്ടന്മാരുടെ വഴി യഹോവയ്ക്ക് വെറുപ്പ്;

എന്നാൽ നീതിയെ പിന്തുടരുന്നവനെ അവിടുന്ന് സ്നേഹിക്കുന്നു.

10 സന്മാർഗ്ഗം ത്യജിക്കുന്നവന് കഠിനശിക്ഷ വരും;

ശാസന വെറുക്കുന്നവൻ മരിക്കും.

11 പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽ

മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!

12 പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല;

ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.

13 സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു;

ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു.

14 വിവേകമുള്ളവന്‍റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു;

മൂഢന്മാരുടെ വായ് ഭോഷത്തം ആചരിക്കുന്നു.

15 പീഡിതന്‍റെ ജീവനാൾ എല്ലാം കഷ്ടകാലം;

സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം.

16 ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ

യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്.

17 വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ

സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്.

18 ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു;

ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു.

19 മടിയന്‍റെ വഴി മുള്ളുവേലിപോലെയാകുന്നു;

നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ.

20 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;

മൂഢനോ അമ്മയെ നിന്ദിക്കുന്നു.

21 ഭോഷത്തം ബുദ്ധിഹീനന് സന്തോഷം;

വിവേകിയോ ചൊവ്വായി നടക്കുന്നു.

22 ആലോചന ഇല്ലാതിരുന്നാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു;

ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു.

23 താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും;

തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം!

24 ബുദ്ധിമാന്‍റെ ജീവയാത്ര ഉയരത്തിലേക്കാകുന്നു;

കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.

25 അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും;

വിധവയുടെ അതിര്‍ അവിടുന്ന് ഉറപ്പിക്കും.

26 ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്;

ദയാവാക്കോ നിർമ്മലം.

27 ദുരാഗ്രഹി തന്‍റെ ഭവനത്തെ വലയ്ക്കുന്നു;

കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും.

28 നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു;

ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു.

29 യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു;

നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.

30 പുഞ്ചിരിക്കുന്ന മുഖം ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;

നല്ല വർത്തമാനം ശരീരത്തെ തണുപ്പിക്കുന്നു.

31 ജീവദായകമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ

ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.

32 പ്രബോധനം ത്യജിക്കുന്നവൻ തന്‍റെ പ്രാണനെ നിരസിക്കുന്നു;

ശാസന കേട്ടു അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു.

33 യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു;

മാനത്തിന് വിനയം മുന്നോടിയാകുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-18_14-04-22-