Publicidade

Cânticos 8

1 നീ എന്‍റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ!

ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു;

ആരും എന്നെ നിന്ദിക്കുകയില്ലായിരുന്നു.

2 അവള്‍ എനിക്ക് ഉപദേശം തരേണ്ടതിന്

ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു;

സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്‍റെ മാതളപ്പഴത്തിൻ ചാറും

ഞാൻ നിനക്കു കുടിക്കുവാൻ തരുമായിരുന്നു.

3 അവന്‍റെ ഇടങ്കൈ എന്‍റെ തലയിൻ കീഴെ ഇരിക്കട്ടെ;

അവന്‍റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.

മണവാളന്‍

4 യെരൂശലേം പുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം

അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്

എന്നു ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു.

ഗീതം ആറ്
തോഴിമാർ

5 മരുഭൂമിയിൽനിന്ന് തന്‍റെ പ്രിയന്‍റെ മേൽ

ചാരിക്കൊണ്ട് വരുന്നോരിവൾ ആർ?

നാരകത്തിൻ ചുവട്ടിൽവച്ച് ഞാൻ നിന്നെ ഉണർത്തി;

അവിടെവച്ചല്ലയോ നിന്‍റെ അമ്മ നിന്നെ പ്രസവിച്ചത്;

അവിടെവച്ചല്ലയോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവ് കിട്ടിയത്.

മണവാട്ടി

6 എന്നെ ഒരു മുദ്രമോതിരമായി നിന്‍റെ ഹൃദയത്തിന്മേലും

ഒരു മുദ്രമോതിരമായി നിന്‍റെ ഭുജത്തിന്മേലും വച്ചുകൊള്ളേണമേ;

പ്രേമം മരണംപോലെ ബലമുള്ളതും

പത്നീവ്രതശങ്ക പാതാളംപോലെ കഠിനവുമാകുന്നു;

അതിന്‍റെ ജ്വലനം അഗ്നിജ്വലനവും

ഒരു ദിവ്യജ്വാലയും തന്നെ.

7 ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല;

നദികൾ അതിനെ മുക്കിക്കളയുകയില്ല.

ഒരുവൻ തന്‍റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും

പ്രേമത്തിനു വേണ്ടി കൊടുത്താലും അത് നിന്ദ്യമായേക്കാം.

8 നമുക്ക് ഒരു ചെറിയ സഹോദരി ഉണ്ട്;

അവൾക്ക് സ്തനങ്ങൾ വന്നിട്ടില്ല;

നമ്മുടെ സഹോദരിക്ക് കല്യാണം പറയുന്ന നാളിൽ

നാം അവൾക്ക് വേണ്ടി എന്ത് ചെയ്യും?

9 അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ

ഒരു വെള്ളിമകുടം പണിയാമായിരുന്നു;

ഒരു വാതിൽ എങ്കിൽ

ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു.

10 ഞാൻ മതിലും എന്‍റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു;

എന്‍റെ പ്രിയന്‍റെ കണ്ണുകളില്‍ നിന്ന് ഹൃദയപൂര്‍വ്വമായ താല്പര്യം ലഭിച്ചിരുന്നു.

മണവാളന്‍

11 ശലോമോനു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.

ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു;

അതിന്‍റെ പാട്ടമായിട്ട്, ഓരോ വ്യക്തിയും

ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.

12 എന്‍റെ സ്വന്തം മുന്തിരിത്തോട്ടം എന്‍റെ കൈവശം ഇരിക്കുന്നു;

ശലോമോനേ, നിനക്കു ആയിരവും

ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ.

13 ഉദ്യാനനിവാസിനിയേ,

സഖിമാർ നിന്‍റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു;

അത് എന്നെയും കേൾപ്പിക്കേണമേ.

മണവാട്ടി

14 എന്‍റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ

ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക.

Veja também

Publicidade
Cânticos
Ver todos os capítulos de Cânticos
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-