യേശുവിനെ ഉപായത്താൽ പിടിച്ച് കൊല്ലുവാൻ ആലോചിക്കുന്നു
1 യേശു ഈ വചനങ്ങൾ മുഴുവനും പറഞ്ഞു തീർന്നശേഷം ശിഷ്യന്മാരോട്: 2 രണ്ടു ദിവസം കഴിഞ്ഞിട്ട് പെസഹാ വരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിക്കുവാൻ ഏല്പിക്കും എന്നു പറഞ്ഞു. 3 അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും മഹാപുരോഹിതനായ കയ്യഫാവിൻ്റെ മണ്ഡപത്തിൽ വന്നുകൂടി, 4 യേശുവിനെ ഉപായത്താൽ പിടിച്ച് ഗൂഢമായി കൊല്ലുവാൻ ആലോചിച്ചു; 5 എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിക്കുവാൻ പെരുന്നാളിൽ ആകരുത് എന്നു അവർ പറഞ്ഞു.
ശീമോന്റെ ഭവനത്തിൽ യേശു
6 യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശിമോന്റെ വീട്ടിൽ മേശയ്ക്കഭിമുഖമായി ചാരി ഇരിക്കുമ്പോൾ 7 ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ, വെൺകല്ലിൽ തീർത്ത ഭരണിയുമായി യേശുവിന്റെ അടുക്കൽ വന്നു, പരിമളതൈലം അവന്റെ തലയിൽ ഒഴിച്ചു. 8 ശിഷ്യന്മാർ അത് കണ്ടിട്ട് കോപത്തോടെ: "ഈ വെറും ചെലവിൻ്റെ കാരണം എന്താണ്? 9 ഇതു വളരെ വിലയ്ക്ക് വിറ്റ് ദരിദ്രർക്ക് കൊടുക്കാമായിരുന്നുവല്ലോ" എന്നു പറഞ്ഞു.
10 യേശു അത് അറിഞ്ഞ് അവരോട്: സ്ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എങ്കൽ മനോഹരമായ പ്രവർത്തിയല്ലോ ചെയ്തതു. 11 ദരിദ്രർ എല്ലായ്പ്പോഴും നിങ്ങളുടെ അടുക്കൽ ഉണ്ടല്ലോ; ഞാനോ എല്ലായ്പ്പോഴും നിങ്ങളോടൊപ്പം ഇല്ലല്ലോ? 12 അവൾ ഈ തൈലം എന്റെ ദേഹത്തിന്മേൽ ഒഴിച്ചത് എന്റെ ശവസംസ്കാരത്തിനായി ചെയ്തതാകുന്നു. 13 ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
14 അന്നു പന്തിരുവരിൽ ഒരുവനായ യൂദാ ഈസ്കര്യോത്താവ് മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു: 15 "ഞാൻ യേശുവിനെ നിങ്ങൾക്ക് ഏൽപ്പിച്ചു തന്നാൽ, നിങ്ങൾ എനിക്ക് എന്ത് തരുവാൻ മനസ്സുണ്ട്?" എന്നു ചോദിച്ചു. അവർ യൂദാ ഈസ്കര്യോത്താവിന് മുപ്പതു വെള്ളിക്കാശ് തൂക്കിക്കൊടുത്തു. 16 അന്നുമുതൽ യേശുവിനെ കാണിച്ചുകൊടുക്കുവാൻ അവൻ അവസരം അന്വേഷിച്ചുപോന്നു.
യേശു ശിഷ്യന്മാരുമായി പെസഹ കഴിക്കുന്നു
17 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: "നീ പെസഹാ കഴിക്കുവാൻ ഞങ്ങൾ ഒരുക്കേണ്ടത് എവിടെ?" എന്നു ചോദിച്ചു.
18 അതിന് അവൻ പറഞ്ഞത്: നിങ്ങൾ നഗരത്തിൽ ഒരുവന്റെ അടുക്കൽ ചെന്നു: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹാ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറയുവിൻ. 19 ശിഷ്യന്മാർ യേശു നിർദ്ദേശിച്ചത് പോലെ ചെയ്തു പെസഹ തയ്യാറാക്കി. 20 സന്ധ്യയായപ്പോൾ യേശു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ ഭക്ഷിക്കുവാൻ ഇരുന്നു. 21 അവർ ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു "ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 22 അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: "തീർച്ചയായും ഞാനല്ലല്ലോ കർത്താവേ, ഞാനല്ലല്ലോ കർത്താവേ" എന്നു ഓരോരുത്തൻ ചോദിച്ചു തുടങ്ങി.
23 അവൻ ഉത്തരം പറഞ്ഞത്: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നെ എന്നെ കാണിച്ചുകൊടുക്കും. 24 തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകും; മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യനോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവനു നന്നായിരുന്നു.
25 അവനെ കാണിച്ചു കൊടുക്കുന്ന യൂദാ: "ഞാനോ, റബ്ബീ," എന്നു പറഞ്ഞതിന്:നീ സ്വയം പറഞ്ഞുവല്ലോ എന്നു അവൻ പറഞ്ഞു.
26 അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി ശിഷ്യന്മാർക്ക് കൊടുത്തു: വാങ്ങി ഭക്ഷിക്കുവിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു. 27 പിന്നെ പാനപാത്രം എടുത്തു സ്തോത്രം അർപ്പിച്ച് അവർക്ക് കൊടുത്തു: ഇതിൽ നിന്നു എല്ലാവരും കുടിക്കുവിൻ. 28 ഇതു എന്റെ രക്തം ഉടമ്പടിക്കായുള്ളത് അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്നു;