ശതാധിപൻ്റെ വലിയ വിശ്വാസം
5 യേശു കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോട്: 6 "കർത്താവേ, എന്റെ വേലക്കാരൻ തളർവാതം പിടിച്ച് കഠിനമായി വേദനപ്പെട്ട് വീട്ടിൽ കിടക്കുന്നു" എന്നു അപേക്ഷിച്ചു പറഞ്ഞു.
7 യേശു അവനോട്: ഞാൻ വന്നു അവനെ സൗഖ്യമാക്കും എന്നു പറഞ്ഞു.
8 അതിന് ശതാധിപൻ: "കർത്താവേ, നീ എന്റെ വീടിനകത്ത് വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ വേലക്കാരന് സൗഖ്യം വരും. 9 ഞാനും അധികാരത്തിൻകീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ട്; ഞാൻ ഒരുവനോട്: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോട്: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു" എന്നു ഉത്തരം പറഞ്ഞു.
10 അത് കേട്ടിട്ടു യേശു അതിശയിച്ചു, തന്നെ അനുഗമിക്കുന്നവരോട് പറഞ്ഞത്: യിസ്രായേലിൽകൂടെ ഇത്രവലിയ വിശ്വാസമുള്ള ഒരുവനെ കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. 11 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിയിലിരിക്കും. 12 രാജ്യത്തിന്റെ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്ക് തള്ളിക്കളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 13 പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ സമയം തന്നെ അവന്റെ വേലക്കാരന് സൗഖ്യം വന്നു.