Pular para o conteúdo
Publicidade

ഉത്തമഗീതം 2

1 ഞാൻ ശാരോനിലെ പനിനീർപുഷ്പവും

താഴ്‌വരകളിലെ താമരപ്പൂവും ആകുന്നു.

2 മുള്ളുകളുടെ ഇടയിൽ താമരപോലെ

കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.

3 കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ

യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു;

അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു;

അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.

4 അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു;

എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.

5 ഞാൻ പ്രേമപരവശയായിരിക്കയാൽ

മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിൻ;

നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിൻ.

6 അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ;

അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.

7 യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ,

പ്രേമത്തിന്നു ഇഷ്ടമാകുവോളം

അതിനെ ഇളക്കരുതു, ഉണർത്തുകയുമരുതു.

8 അതാ, എന്റെ പ്രിയന്റെ സ്വരം!

അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു.

9 എന്റെ പ്രിയൻ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യൻ;

ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു;

അവൻ കിളിവാതിലൂടെ നോക്കുന്നു;

അഴിക്കിടയിൽകൂടി ഉളിഞ്ഞുനോക്കുന്നു.

10 എന്റെ പ്രിയൻ എന്നോടു പറഞ്ഞതു:

എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.

11 ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.

12 പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു;

വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു;

കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.

13 അത്തിക്കായ്കൾ പഴുക്കുന്നു;

മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു;

എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.

14 പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,

ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ;

നിന്റെ സ്വരം ഒന്നു കേൾക്കട്ടെ;

നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.

15 ഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ

മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ,

ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ.

16 എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ;

അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.

17 വെയിലാറി, നിഴൽ കാണാതെയാകുവോളം,

എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപർവ്വതങ്ങളിലെ

ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായിരിക്ക.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.