Publicidade

Cânticos 8

1 നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ!

ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു;

ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.

2 നീ എനിക്കു ഉപദേശം തരേണ്ടതിന്നു

ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു;

സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും

ഞാൻ നിനക്കു കുടിപ്പാൻ തരുമായിരുന്നു.

3 അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ;

അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.

4 യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം

അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു

എന്നു ഞാൻ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു.

5 മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെ മേൽ

ചാരിക്കൊണ്ടു വരുന്നോരിവൾ ആർ?

നാരകത്തിൻ ചുവട്ടിൽവെച്ചു ഞാൻ നിന്നെ ഉണർത്തി;

അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു;

അവിടെവെച്ചല്ലോ നിന്നെ പെറ്റവൾക്കു ഈറ്റുനോവു കിട്ടിയതു.

6 എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും

ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ;

പ്രേമം മരണംപോലെ ബലമുള്ളതും

പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു;

അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ.

7 ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ;

നദികൾ അതിനെ മുക്കിക്കളകയില്ല.

ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും

പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.

8 നമുക്കു ഒരു ചെറിയ പെങ്ങൾ ഉണ്ടു;

അവൾക്കു സ്തനങ്ങൾ വന്നിട്ടില്ല;

നമ്മുടെ പെങ്ങൾക്കു കല്യാണം പറയുന്നനാളിൽ

നാം അവൾക്കു വേണ്ടി എന്തു ചെയ്യും?

9 അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ

ഒരു വെള്ളിമകുടം പണിയാമായിരുന്നു;

ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ടു അടെക്കാമായിരുന്നു.

10 ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു;

അന്നു ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.

11 ശലോമോന്നു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.

ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു;

അതിന്റെ പാട്ടമായിട്ടു, ഓരോരുത്തൻ

ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.

12 എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു;

ശലോമോനേ, നിനക്കു ആയിരവും

ഫലം കാക്കുന്നവർക്കു ഇരുനൂറും ഇരിക്കട്ടെ.

13 ഉദ്യാനനിവാസിനിയേ,

സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു;

അതു എന്നെയും കേൾപ്പിക്കേണമേ.

14 എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ

ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.

Veja também

Publicidade
Cânticos
Ver todos os capítulos de Cânticos
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-