1 അവൻ കടന്നുപോകുമ്പോൾ പിറവിയിലേ കുരുടനായോരു മനുഷ്യനെ കണ്ടു. 2 അവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു. 3 അതിന്നു യേശു: അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ. 4 എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു. 5 9:5 മത്തായി 5:14; യോഹന്നാൻ 8:12ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു. 6 ഇങ്ങനെ പറഞ്ഞിട്ടു അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേൽ പൂശി: 7 നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു.
Publicidade