Publicidade

Salmos 29

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ,

യഹോവെക്കു മഹത്വവും ശക്തിയും കൊടുപ്പിൻ.

2 യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ;

വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിൻ.

3 യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു;

പെരുവെള്ളത്തിൻമീതെ യഹോവ,

മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.

4 യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു;

യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.

5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു;

യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.

6 അവൻ അവയെ കാളക്കുട്ടിയെപ്പോലെയും

ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.

7 യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.

8 യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു;

യഹോവ കാദേശ് മരുവിനെ നടുക്കുന്നു.

9 യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു;

അതു വനങ്ങളെ തോലുരിക്കുന്നു;

അവന്റെ മന്ദിരത്തിൽ സകലവും മഹത്വം എന്നു ചൊല്ലുന്നു.

10 യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു;

യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.

11 യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും;

യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-