Publicidade

Salmos 56

സംഗീതപ്രമാണിക്കു; ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവു എന്ന രാഗത്തിൽ: ദാവീദിന്റെ ഒരു സങ്കീർത്തനം. ഫെലിസ്ത്യർ അവനെ ഗത്തിൽ വെച്ചു പിടിച്ചപ്പോൾ ചമെച്ചതു.

1 ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ;

മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു;

അവർ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു.

2 എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നു;

ഗർവ്വത്തോടെ എന്നോടു പൊരുതുന്നവർ അനേകരല്ലോ.

3 ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.

4 ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും;

ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.

ജഡത്തിന്നു എന്നോടു എന്തു ചെയ്‌വാൻ കഴിയും?

5 ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു;

അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു.

6 അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു;

എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ

അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.

7 നീതികേടിനാൽ അവർ ഒഴിഞ്ഞുപോകുമോ?

ദൈവമേ, നിന്റെ കോപത്തിൽ ജാതികളെ തള്ളിയിടേണമേ.

8 നീ എന്റെ ഉഴൽചകളെ എണ്ണുന്നു;

എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ;

അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?

9 ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നേ എന്റെ ശത്രുക്കൾ പിന്തിരിയുന്നു;

ദൈവം എനിക്കു അനുകൂലമെന്നു ഞാൻ അറിയുന്നു.

10 ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും;

ഞാൻ യഹോവയിൽ അവന്റെ വചനത്തെ പുകഴും.

11 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.

മനുഷ്യന്നു എന്നോടു എന്തു ചെയ്‌വാൻ കഴിയും?

12 ദൈവമേ, നിനക്കുള്ള നേർച്ചകൾക്കു ഞാൻ കടമ്പെട്ടിരിക്കുന്നു;

ഞാൻ നിനക്കു സ്തോത്രയാഗങ്ങളെ അർപ്പിക്കും.

13 ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്നു

നീ എന്റെ പ്രാണനെ മരണത്തിൽ നിന്നും

എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-