Publicidade

Salmos 86

ദാവീദിന്റെ ഒരു പ്രാർത്ഥന.

1 യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ;

ഞാൻ എളിയവനും ദരിദ്രനും ആകുന്നു.

2 എന്റെ പ്രാണനെ കാക്കേണമേ;

ഞാൻ നിന്റെ ഭക്തനാകുന്നു;

എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.

3 കർത്താവേ, എന്നോടു കൃപയുണ്ടാകേണമേ;

ഇടവിടാതെ ഞാൻ നിന്നോടു നിലവിളിക്കുന്നു.

4 അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ;

യഹോവേ, നിങ്കലേക്കു ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു.

5 കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും

നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.

6 യഹോവേ, എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ;

എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.

7 നീ എനിക്കുത്തരമരുളുകയാൽ

എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.

8 കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല;

നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.

9 കർത്താവേ, നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും;

അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.

10 നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ;

നീ മാത്രം ദൈവമാകുന്നു.

11 യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ;

എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും;

നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.

12 എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും;

നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.

13 എന്നോടുള്ള നിന്റെ ദയ വലിയതല്ലോ;

നീ എന്റെ പ്രാണനെ അധമപാതാളത്തിൽ നിന്നു രക്ഷിച്ചിരിക്കുന്നു.

14 ദൈവമേ, അഹങ്കാരികൾ എന്നോടു എതിർത്തിരിക്കുന്നു.

ഘോരന്മാരുടെ കൂട്ടം എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.

അവർ നിന്നെ ലക്ഷ്യമാക്കുന്നതുമില്ല.

15 നീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു;

ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നേ.

16 എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപയുണ്ടാകേണമേ;

നിന്റെ ദാസന്നു നിന്റെ ശക്തി തന്നു,

നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ.

17 എന്നെ പകെക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിന്നു

നന്മെക്കായി ഒരു അടയാളം എനിക്കു തരേണമേ;

യഹോവേ, നീ എന്നെ സഹായിച്ചു ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-