Publicidade

Salmos 104

1 എൻ മനമേ, യഹോവയെ വാഴ്ത്തുക;

എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ;

മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;

2 വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു;

തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.

3 അവൻ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു;

മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.

4 അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.

5 അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം

അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.

6 നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി;

വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നു.

7 അവ നിന്റെ ശാസനയാൽ ഓടിപ്പോയി;

നിന്റെ ഇടിമുഴക്കത്താൽ അവ ബദ്ധപ്പെട്ടു -

8 മലകൾ പൊങ്ങി, താഴ്‌വരകൾ താണു -

നീ അവെക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;

9 ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്നു

നീ അവെക്കു കടന്നുകൂടാത്ത ഒരു അതിർ ഇട്ടു.

10 അവൻ ഉറവുകളെ താഴ്‌വരകളിലേക്കു ഒഴുക്കുന്നു;

അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു.

11 അവയിൽനിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു;

കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീർക്കുന്നു;

12 അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കയും

കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.

13 അവൻ തന്റെ മാളികകളിൽ നിന്നു മലകളെ നനെക്കുന്നു;

ഭൂമിക്കു നിന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.

14 അവൻ മൃഗങ്ങൾക്കു പുല്ലും

മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു;

15 അവൻ ഭൂമിയിൽനിന്നു ആഹാരവും

മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും

അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും

മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.

16 യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു;

അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നേ.

17 അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു;

പെരുഞാറെക്കു സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.

18 ഉയർന്നമലകൾ കാട്ടാടുകൾക്കും

പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.

19 അവൻ കാലനിർണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു;

സൂര്യൻ തന്റെ അസ്തമാനത്തെ അറിയുന്നു.

20 നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു;

അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.

21 ബാലസിംഹങ്ങൾ ഇരെക്കായി അലറുന്നു;

അവ ദൈവത്തോടു തങ്ങളുടെ ആഹാരം ചോദിക്കുന്നു.

22 സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു;

തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.

23 മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു;

സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ.

24 യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!

ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു;

ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.

25 വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു!

അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു.

26 അതിൽ കപ്പലുകൾ ഓടുന്നു;

അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ടു.

27 തക്കസമയത്തു തീൻ കിട്ടേണ്ടതിന്നു

ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.

28 നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു

തൃക്കൈ തുറക്കുമ്പോൾ

അവെക്കു നന്മകൊണ്ടു തൃപ്തിവരുന്നു.

29 തിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു;

നീ അവയുടെ ശ്വാസം എടുക്കുമ്പോൾ

അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;

30 നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;

നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.

31 യഹോവയുടെ മഹത്വം എന്നേക്കും നില്ക്കുമാറാകട്ടെ;

യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.

32 അവൻ ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു;

അവൻ മലകളെ തൊടുന്നു, അവ പുകയുന്നു.

33 എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവെക്കു പാടും;

ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിർത്തനം പാടും.

34 എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ;

ഞാൻ യഹോവയിൽ സന്തോഷിക്കും.

35 പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ;

ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ;

എൻ മനമേ, യഹോവയെ വാഴ്ത്തുക;

യഹോവയെ സ്തുതിപ്പിൻ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-