Publicidade

Salmos 143

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, എന്റെ പ്രാർത്ഥന കേട്ടു, എന്റെ യാചനകൾക്കു ചെവിതരേണമേ;

നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.

2 അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതെ;

ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.

3 ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു;

അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു;

പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.

4 ആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു;

എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.

5 ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു;

നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു;

നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.

6 ഞാൻ എന്റെ കൈകളെ നിങ്കലേക്കു മലർത്തുന്നു;

വരണ്ട നിലംപോലെ എന്റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു. സേലാ.

7 യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ;

എന്റെ ആത്മാവു കാംക്ഷിക്കുന്നു.

ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ

നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.

8 രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ;

ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ;

ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ;

ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ.

9 യഹോവേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ;

നിന്റെ അടുക്കൽ ഞാൻ മറവിന്നായി വരുന്നു.

10 നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ.

നീ എന്റെ ദൈവമാകുന്നുവല്ലോ;

നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.

11 യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ;

നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്നു ഉദ്ധരിക്കേണമേ.

12 നിന്റെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കേണമേ;

എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെ ഒക്കെയും നശിപ്പിക്കേണമേ;

ഞാൻ നിന്റെ ദാസൻ ആകുന്നുവല്ലോ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-