Publicidade

Salmos 32

ദാവീദിന്റെ ഒരു ധ്യാനം.

1 ലംഘനം ക്ഷമിച്ചും

പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ.

2 യഹോവ അകൃത്യം കണക്കിടാതെയും

ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

3 ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ

എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;

4 രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു;

എന്റെ മജ്ജ വേനല്ക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ.

5 ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല.

എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു;

അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.

6 ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാർത്ഥിക്കും;

പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അതു അവന്റെ അടുക്കലോളം എത്തുകയില്ല.

7 നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും;

രക്ഷയുടെ ഉല്ലാസഘോഷംകൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.

8 ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും;

ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.

9 നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയും കോവർകഴുതയെയുംപോലെ ആകരുതു;

അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയുംകൊണ്ടു അവയെ അടക്കിവരുന്നു;

അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല.

10 ദുഷ്ടന്നു വളരെ വേദനകൾ ഉണ്ടു;

യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.

11 നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിൻ;

ഹൃദയപരമാർത്ഥികൾ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിൻ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-