Publicidade

Salmos 55

സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം.

1 ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ;

എന്റെ യാചനെക്കു മറഞ്ഞിരിക്കരുതേ.

2 എനിക്കു ചെവിതന്നു ഉത്തരമരുളേണമേ;

ശത്രുവിന്റെ ആരവംനിമിത്തവും ദുഷ്ടന്റെ പീഡനിമിത്തവും

ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.

3 അവർ എന്റെ മേൽ നീതികേടു ചുമത്തുന്നു;

കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.

4 എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു;

മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു.

5 ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു;

പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.

6 പ്രാവിന്നുള്ളതുപോലെ

എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ!

എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാൻ പറഞ്ഞു.

7 അതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു,

മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ.

8 കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു

ഞാൻ ഒരു സങ്കേതത്തിലേക്കു ഓടിപ്പോകുമായിരുന്നു!

9 കർത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ.

ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.

10 രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു;

നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ടു.

11 ദുഷ്ടത അതിന്റെ നടുവിൽ ഉണ്ടു;

ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.

12 എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു;

എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല;

അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.

13 നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും

എന്റെ പ്രാണസ്നേഹിതനുമായിരുന്നു.

14 നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു

പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.

15 മരണം പെട്ടെന്നു അവരെ പിടിക്കട്ടെ;

അവർ ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ;

ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു.

16 ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും;

യഹോവ എന്നെ രക്ഷിക്കും.

17 ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും;

അവൻ എന്റെ പ്രാർത്ഥന കേൾക്കും.

18 എന്നോടു കയർത്തുനിന്നവർ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവൻ

എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;

19 ദൈവം കേട്ടു അവർക്കു ഉത്തരം അരുളും;

പുരാതനമേ സിംഹാസനസ്ഥനായവൻ തന്നേ. സേലാ.

അവർക്കു മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.

20 തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു

തന്റെ സഖ്യത അവൻ ലംഘിച്ചുമിരിക്കുന്നു.

21 അവന്റെ വായ് വെണ്ണപോലെ മൃദുവായതു;

ഹൃദയത്തിലോ യുദ്ധമത്രേ.

അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ;

എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.

22 നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക;

അവൻ നിന്നെ പുലർത്തും;

നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.

23 ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും;

രക്തപ്രിയവും വഞ്ചനയും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കയില്ല;

ഞാനോ നിന്നിൽ ആശ്രയിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-