Publicidade

Salmos 62

സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.

1 എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു;

എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു.

2 അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;

എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല.

3 നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ

ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?

4 അവന്റെ പദവിയിൽനിന്നു അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നതു;

അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു;

എങ്കിലും ഉള്ളംകൊണ്ടു അവർ ശപിക്കുന്നു. സേലാ.

5 എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക;

എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.

6 അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;

എന്റെ ഗോപുരം അവൻ തന്നേ; ഞാൻ കുലുങ്ങുകയില്ല.

7 എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു;

എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.

8 ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ;

നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ;

ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.

9 സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ;

തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും;

അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.

10 പീഡനത്തിൽ ആശ്രയിക്കരുതു; കവർച്ചയിൽ മയങ്ങിപ്പോകരുതു;

സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സു വെക്കരുതു;

11 ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു,

ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.

12 കർത്താവേ, ദയയും നിനക്കുള്ളതാകുന്നു;

നീ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-