Publicidade

Salmos 5

സംഗീതപ്രമാണിക്കു വേണുനാദത്തോടെ ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, എന്റെ വാക്കുകൾക്കു ചെവി തരേണമേ;

എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ;

2 എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ,

എന്റെ സങ്കടയാചന കേൾക്കേണമേ;

നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നതു.

3 യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കേണമേ;

രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.

4 നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല;

ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല.

5 അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കയില്ല;

നീതികേടു പ്രവർത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.

6 ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും;

രക്തപാതകവും ചതിവുമുള്ളവൻ യഹോവെക്കു അറെപ്പാകുന്നു;

7 ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു

നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.

8 യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ;

എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.

9 അവരുടെ വായിൽ ഒട്ടും നേരില്ല;

അവരുടെ അന്തരംഗം നാശകൂപം തന്നേ;

അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു;

നാവുകൊണ്ടു അവർ മധുരവാക്കു പറയുന്നു.

10 ദൈവമേ അവരെ കുറ്റംവിധിക്കേണമേ;

തങ്ങളുടെ ആലോചനകളാൽ തന്നേ അവർ വീഴട്ടെ;

അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ;

നിന്നോടല്ലോ അവർ മത്സരിച്ചിരിക്കുന്നതു.

11 എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും;

നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും;

നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും;

12 യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും;

പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-