Publicidade

Salmos 21

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, രാജാവു നിന്റെ ബലത്തിൽ സന്തോഷിക്കുന്നു;

നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.

2 അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി;

അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.

3 നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു,

തങ്കക്കിരീടത്തെ അവന്റെ തലയിൽ വെക്കുന്നു.

4 അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു;

നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെ തന്നേ.

5 നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു;

മാനവും തേജസ്സും നീ അവനെ അണിയിച്ചു.

6 നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു;

നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.

7 രാജാവു യഹോവയിൽ ആശ്രയിക്കുന്നു;

അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും.

8 നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും;

നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടികൂടും.

9 നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും;

യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും;

തീ അവരെ ദഹിപ്പിക്കും.

10 നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും

അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.

11 അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു;

തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.

12 നീ അവരെ പുറം കാട്ടുമാറാക്കും;

അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.

13 യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കേണമേ;

ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-