Publicidade

Salmos 139

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു;

2 ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു.

എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.

3 എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു;

എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.

4 യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല.

5 നീ മുമ്പും പിമ്പും എന്നെ അടെച്ചു

നിന്റെ കൈ എന്റെമേൽ വെച്ചിരിക്കുന്നു.

6 ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു;

അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു.

7 നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും?

തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?

8 ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു;

പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു.

9 ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു,

സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ

10 അവിടെയും നിന്റെ കൈ എന്നെ നടത്തും;

നിന്റെ വലങ്കൈ എന്നെ പിടിക്കും.

11 ഇരുട്ടു എന്നെ മൂടിക്കളയട്ടെ;

വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ

12 ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല;

രാത്രി പകൽപോലെ പ്രകാശിക്കും;

ഇരുട്ടും വെളിച്ചവും നിനക്കു ഒരുപോലെ തന്നേ.

13 നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു;

എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.

14 ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ

ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു;

നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു;

അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.

15 ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും

ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ

എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല.

16 ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു;

നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ

അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;

17 ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ!

അവയുടെ ആകത്തുകയും എത്ര വലിയതു!

18 അവയെ എണ്ണിയാൽ മണലിനെക്കാൾ അധികം;

ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ നിന്റെ അടുക്കൽ ഇരിക്കുന്നു.

19 ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു;

രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിൻ.

20 അവർ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു;

നിന്റെ ശത്രുക്കൾ നിന്റെ നാമം വൃഥാ എടുക്കുന്നു.

21 യഹോവേ, നിന്നെ പകെക്കുന്നവരെ ഞാൻ പകക്കേണ്ടതല്ലയോ?

നിന്നോടു എതിർത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?

22 ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു;

അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.

23 ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ;

എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.

24 വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി,

ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-