Publicidade

Salmos 27

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും?

യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?

2 എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ

എന്റെ മാംസം തിന്നുവാൻ എന്നോടു അടുക്കുമ്പോൾ ഇടറിവീഴും.

3 ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും

എന്റെ ഹൃദയം ഭയപ്പെടുകയില്ല;

എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.

4 ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു;

യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും

എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.

5 അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും;

തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും;

പാറമേൽ എന്നെ ഉയർത്തും.

6 ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്റെ തല ഉയരും;

ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അർപ്പിക്കും;

ഞാൻ യഹോവെക്കു പാടി കീർത്തനം ചെയ്യും.

7 യഹോവേ, ഞാൻ ഉറക്കെ വിളിക്കുമ്പോൾ കേൾക്കേണമേ;

എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ.

8 "എന്റെ മുഖം അന്വേഷിപ്പിൻ" എന്നു നിങ്കൽനിന്നു കല്പനവന്നു എന്നു എന്റെ ഹൃദയം പറയുന്നു;

യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.

9 നിന്റെ മുഖം എനിക്കു മറെക്കരുതേ;

അടിയനെ കോപത്തോടെ നീക്കിക്കളയരുതേ;

നീ എനിക്കു തുണയായിരിക്കുന്നു;

എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.

10 എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു;

എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.

11 യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ;

എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ.

12 എന്റെ വൈരികളുടെ ഇഷ്ടത്തിന്നു എന്നെ ഏല്പിച്ചുകൊടുക്കരുതേ;

കള്ളസാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോടു എതിർത്തുനില്ക്കുന്നു.

13 ഞാൻ ജീവനുള്ളവരുടെ ദേശത്തു

യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കിൽ കഷ്ടം!

14 യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക;

നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ;

അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-