Publicidade

Salmos 101

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ഞാൻ ദയയെയും ന്യായത്തെയും കുറിച്ചു പാടും;

യഹോവേ, ഞാൻ നിനക്കു കീർത്തനം പാടും.

2 ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും;

എപ്പോൾ നീ എന്റെ അടുക്കൽ വരും?

ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.

3 ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല;

ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു;

അതു എന്നോടു ചേർന്നു പറ്റുകയില്ല.

4 വക്രഹൃദയം എന്നോടു അകന്നിരിക്കും;

ദുഷ്ടതയെ ഞാൻ അറികയില്ല.

5 കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും;

ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹായിക്കയില്ല.

6 ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടെ വസിക്കേണ്ടതിന്നു

എന്റെ ദൃഷ്ടി അവരുടെമേൽ ഇരിക്കുന്നു;

നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.

7 വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കയില്ല;

ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറെച്ചുനില്ക്കയില്ല.

8 യഹോവയുടെ നഗരത്തിൽനിന്നു സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയേണ്ടതിന്നു

ദേശത്തിലെ ദുഷ്ടന്മാരെ ഒക്കെയും ഞാൻ രാവിലെതോറും നശിപ്പിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-