Publicidade

Salmos 37

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു;

നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.

2 അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി

പച്ചച്ചെടിപോലെ വാടിപ്പോകുന്നു.

3 യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക;

ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക.

യഹോവയിൽ തന്നേ രസിച്ചുകൊൾക;

4 അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.

5 നിന്റെ വഴി യഹോവയെ ഭരമേല്പിക്ക;

അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും.

6 അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും

നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.

7 യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക;

കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.

8 കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക;

മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.

9 ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും;

യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.

10 കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല;

നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.

11 എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും;

സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.

12 ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു;

അവന്റെ നേരെ അവൻ പല്ലു കടിക്കുന്നു.

13 കർത്താവു അവനെ നോക്കി ചിരിക്കും;

അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.

14 എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാർഗ്ഗികളെ കൊല്ലുവാനും

ദുഷ്ടന്മാർ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.

15 അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നേ കടക്കും;

അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.

16 അനേകദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.

17 ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും;

എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.

18 യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു;

അവരുടെ അവകാശം ശാശ്വതമായിരിക്കും.

19 ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല;

ക്ഷാമകാലത്തു അവർ തൃപ്തരായിരിക്കും.

20 എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും;

യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു;

അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.

21 ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല;

നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.

22 അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും.

അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.

23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ

യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.

24 അവൻ വീണാലും നിലംപരിചാകയില്ല;

യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.

25 ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു;

നീതിമാൻ തുണയില്ലാതിരിക്കുന്നതും

അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.

26 അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു;

അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.

27 ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക;

എന്നാൽ നീ സദാകാലം സുഖമായി വസിക്കും.

28 യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല;

അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു;

ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.

29 നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;

30 നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു;

അവന്റെ നാവു ന്യായം സംസാരിക്കുന്നു.

31 തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു;

അവന്റെ കാലടികൾ വഴുതുകയില്ല.

32 ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു,

അവനെ കൊല്ലുവാൻ നോക്കുന്നു.

33 യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല;

ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല.

34 യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചുനടക്ക;

എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും;

ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.

35 ദുഷ്ടൻ പ്രബലനായിരിക്കുന്നതും;

സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു.

36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല;

ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.

37 നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക;

സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.

38 എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും;

ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.

39 നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു;

കഷ്ടകാലത്തു അവൻ അവരുടെ ദുർഗ്ഗം ആകുന്നു.

40 യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു;

അവർ അവനിൽ ആശ്രയിക്കകൊണ്ടു

അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-