Publicidade

Salmos 19

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു;

ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.

2 പകൽ പകലിന്നു വാക്കു പൊഴിക്കുന്നു;

രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.

3 ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.

4 ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും

ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു;

അവിടെ അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.

5 അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം;

വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.

6 ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും

അറുതിവരെ അതിന്റെ അയനവും ആകുന്നു;

അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.

7 യഹോവയുടെ ന്യായപ്രമാണം തികവുള്ളതു;

അതു പ്രാണനെ തണുപ്പിക്കുന്നു.

യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു;

അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.

8 യഹോവയുടെ ആജ്ഞകൾ നേരുള്ളവ;

അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;

യഹോവയുടെ കല്പന നിർമ്മലമായതു;

അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

9 യഹോവാഭക്തി നിർമ്മലമായതു;

അതു എന്നേക്കും നിലനില്ക്കുന്നു;

യഹോവയുടെ വിധികൾ സത്യമായവ;

അവ ഒട്ടൊഴിയാതെനീതിയുള്ളവയാകുന്നു.

10 അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ;

തേനിലും തേങ്കട്ടയിലും മധുരമുള്ളവ.

11 അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു;

അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു.

12 തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ?

മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.

13 സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ;

അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.

14 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,

എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും

നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-