Publicidade

Salmos 34

ദാവീദ് അബീമേലെക്കിന്റെ മുൻപിൽ വെച്ചു ബുദ്ധിഭ്രമം നടിക്കുകയും അവിടെ നിന്നു അവനെ ആട്ടിക്കളയുകയും ചെയ്തിട്ടു അവൻ പോകുമ്പൊൾ പാടിയ ഒരു സങ്കീർത്തനം.

1 ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും;

അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.

2 എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു;

എളിയവർ അതു കേട്ടു സന്തോഷിക്കും.

3 എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ;

നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയർത്തുക.

4 ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി

എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.

5 അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി;

അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.

6 ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു;

അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.

7 യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും

പാളയമിറങ്ങി അവരെ വിടുവിക്കുന്നു.

8 യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ;

അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.

9 യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ;

അവന്റെ ഭക്തന്മാർക്കു ഒന്നിന്നും മുട്ടില്ലല്ലോ.

10 ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും;

യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല.

11 മക്കളേ, വന്നു എനിക്കു ചെവിതരുവിൻ;

യഹോവയോടുള്ള ഭക്തിയെ ഞാൻ ഉപദേശിച്ചുതരാം.

12 ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു

ദീർഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ?

13 ദോഷം ചെയ്യാതെ നിന്റെ നാവിനെയും

വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക;

14 ദോഷം വിട്ടകന്നു ഗുണം ചെയ്ക;

സമാധാനം അന്വേഷിച്ചു പിന്തുടരുക.

15 യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും

അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.

16 ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു

യഹോവയുടെ മുഖം അവർക്കു പ്രതികൂലമായിരിക്കുന്നു.

17 നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു,

സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.

18 ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ;

മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.

19 നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു;

അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.

20 അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു;

അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല.

21 അനർത്ഥം ദുഷ്ടനെ കൊല്ലുന്നു;

നീതിമാനെ പകെക്കുന്നവർ ശിക്ഷ അനുഭവിക്കും.

22 യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു;

അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-