Publicidade

Salmos 40

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു;

അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.

2 നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി;

എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി.

3 അവൻ എന്റെ വായിൽ പുതിയോരു പാട്ടുതന്നു,

നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ;

പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും.

4 യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും

നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.

5 എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും

ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു;

നിന്നോടു സദൃശൻ ആരുമില്ല;

ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.

6 ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല;

നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു.

ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.

7 അപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു;

പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;

8 എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു;

നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.

9 ഞാൻ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു;

അധരങ്ങളെ ഞാൻ അടക്കീട്ടില്ല;

യഹോവേ, നീ അറിയുന്നു.

10 ഞാൻ നിന്റെ നീതിയെ എന്റെ ഹൃദയത്തിൽ മറച്ചുവെച്ചില്ല;

നിന്റെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു;

നിന്റെ ദയയും സത്യവും ഞാൻ മഹാസഭെക്കു മറെച്ചതുമില്ല.

11 യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല;

നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.

12 സംഖ്യയില്ലാത്ത അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു;

മേല്പെട്ടു നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു;

അവ എന്റെ തലയിലെ രോമങ്ങളിലും അധികം;

ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു.

13 യഹോവേ, എന്നെ വിടുവിപ്പാൻ ഇഷ്ടം തോന്നേണമേ;

യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.

14 എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ;

എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏല്ക്കട്ടെ.

15 നന്നായി, നന്നായി എന്നു എന്നോടു പറയുന്നവർ

തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ.

16 നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ;

നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ യഹോവ മഹത്വമുള്ളവൻ എന്നു എപ്പോഴും പറയട്ടെ.

17 ഞാനോ എളിയവനും ദരിദ്രനും ആകുന്നു;

എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു;

നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു;

എന്റെ ദൈവമേ, താമസിക്കരുതേ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-