Publicidade

Salmos 99

1 യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ;

അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.

2 യഹോവ സീയോനിൽ വലിയവനും

സകലജാതികൾക്കും മീതെ ഉന്നതനും ആകുന്നു.

3 അവൻ പരിശുദ്ധൻ എന്നിങ്ങനെ

അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.

4 ന്യായതല്പരനായ രാജാവിന്റെ ബലത്തെ

നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു;

നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.

5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;

അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ;

അവൻ പരിശുദ്ധൻ ആകുന്നു.

6 അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും,

അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും;

ഇവർ യഹോവയോടു അപേക്ഷിച്ചു; അവൻ അവർക്കു ഉത്തരമരുളി.

7 മേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു;

അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.

8 ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി;

നീ അവർക്കു ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികൾക്കു പ്രതികാരകനും ആയിരുന്നു.

9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;

അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിപ്പിൻ;

നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-