Publicidade

Salmos 25

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു;

2 എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു;

ഞാൻ ലജ്ജിച്ചു പോകരുതേ;

എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.

3 നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല;

വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.

4 യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ;

നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!

5 നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ;

നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ;

ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.

6 യഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ;

അവ പണ്ടുപണ്ടേയുള്ളവയല്ലോ.

7 എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ;

യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഓർക്കേണമേ.

8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.

അതുകൊണ്ടു അവൻ പാപികളെ നേർവ്വഴി കാണിക്കുന്നു.

9 സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു;

സൗമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.

10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്കു

അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.

11 യഹോവേ, എന്റെ അകൃത്യം വലിയതു;

നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.

12 യഹോവാഭക്തനായ പുരുഷൻ ആർ?

അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവന്നു കാണിച്ചുകൊടുക്കും.

13 അവൻ സുഖത്തോടെ വസിക്കും;

അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.

14 യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും;

അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.

15 എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു;

അവൻ എന്റെ കാലുകളെ വലയിൽനിന്നു വിടുവിക്കും.

16 എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ;

ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.

17 എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു;

എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ.

18 എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ;

എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.

19 എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു;

അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;

20 എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ;

നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.

21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;

ഞാൻ നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.

22 ദൈവമേ, യിസ്രായേലിനെ

അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-