Publicidade

Salmos 46

സംഗീതപ്രമാണിക്കു; കന്യകമാർ എന്ന രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. ഒരു ഗീതം.

1 ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു;

കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.

2 അതുകൊണ്ടു ഭൂമി മാറിപ്പോയാലും,

പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,

3 അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും

അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.

4 ഒരു നദി ഉണ്ടു; അതിന്റെ തോടുകൾ ദൈവനഗരത്തെ,

അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു.

5 ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല;

ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും.

6 ജാതികൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി;

അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.

7 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു;

യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു. സേലാ.

8 വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ;

അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!

9 അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു;

അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.

10 മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ;

ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.

11 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു;

യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു. സേലാ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-