Publicidade

Salmos 63

ദാവീദിന്റെ ഒരു സങ്കീർത്തനം; അവൻ യെഹൂദാമരുഭൂമിയിൽ ഇരിക്കുംകാലത്തു ചമെച്ചതു.

1 ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും;

വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു;

എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.

2 അങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു

ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു.

3 നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു;

എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.

4 എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും;

നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.

5 എന്റെ കിടക്കയിൽ നിന്നെ ഓർക്കയും

ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ

6 എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു;

എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.

7 നീ എനിക്കു സഹായമായിത്തീർന്നുവല്ലോ;

നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.

8 എന്റെ ഉള്ളം നിന്നോടുപറ്റിയിരിക്കുന്നു;

നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.

9 എന്നാൽ അവർ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു;

അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.

10 അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും;

കുറുനരികൾക്കു അവർ ഇരയായ്തീരും.

11 എന്നാൽ രാജാവു ദൈവത്തിൽ സന്തോഷിക്കും;

അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പുകഴും;

എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-