1 എന്റെ അമ്മ മുലയൂട്ടിവളർത്തിയ
ഒരു സഹോദരൻ ആയിരുന്നു നീ എങ്കിൽ!
ഞാൻ നിന്നെ വെളിയിൽ കാണുമ്പോൾ,
എനിക്കു നിന്നെ ചുംബിക്കാമായിരുന്നു,
ആരും എന്നെ നിന്ദിക്കുമായിരുന്നില്ല.
2 ഞാൻ നിന്നെ എന്റെ മാതൃഗൃഹത്തിലേക്ക്
കൂട്ടിക്കൊണ്ടുപോകുമായിരുന്നു—
എനിക്കു പരിശീലനംതന്നവളുടെ ചാരത്തേക്കുതന്നെ.
സുഗന്ധരസംചേർത്ത വീഞ്ഞും
മാതളപ്പഴച്ചാറും ഞാൻ നിനക്ക് പാനംചെയ്യാൻ നൽകുമായിരുന്നു.
3 അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു,
അവന്റെ വലതുകരം എന്നെ പുണരുന്നു.
4 ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക:
അനുയോജ്യസമയം വരുംവരെ
പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.
5 തന്റെ പ്രിയന്റെമേൽ ചാരി,
മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവളാരാണ്?
നിന്റെ അമ്മ നിന്നെ ഗർഭംധരിച്ച,
അതേ ആപ്പിൾമരച്ചുവട്ടിൽവെച്ചുതന്നെ ഞാൻ നിന്നെ ഉണർത്തി;
അവിടെത്തന്നെയാണല്ലോ പ്രസവവേദനയേറ്റ് അവൾ നിനക്കു ജന്മംനൽകിയത്.
6 നിന്റെ ഹൃദയത്തിന്മേൽ എന്നെ ഒരു മുദ്രയായണിയൂ,
നിന്റെ ഭുജത്തിലെ മുദ്രപോലെതന്നെ;
കാരണം പ്രേമം മരണംപോലെതന്നെ ശക്തവും
അതിന്റെ തീവ്രത ശവക്കുഴിപോലെതന്നെ കഠിനവുമാകുന്നു.
ജ്വലിക്കുന്ന അഗ്നിപോലെ അത് എരിയുന്നു,
ഉഗ്രമായ അഗ്നിനാളംപോലെതന്നെ.
7 പ്രേമാഗ്നി അണയ്ക്കാൻ ഒരു പ്രളയത്താലും കഴിയില്ല;
നദികൾക്കതിനെ ഒഴുക്കിക്കളയുന്നതിനും കഴിയില്ല.
ഒരാൾ സ്വഭവനത്തിലെ സർവസമ്പത്തും
പ്രേമസാക്ഷാത്കാരത്തിനായി നൽകിയാലും
ആ വാഗ്ദാനവും അപഹാസ്യമാകുകയേയുള്ളൂ.
8 ഞങ്ങൾക്കൊരു കുഞ്ഞുപെങ്ങളുണ്ട്,
അവളുടെ സ്തനങ്ങൾ ഇനിയും വളർന്നിട്ടില്ല
നമ്മുടെ പെങ്ങൾക്കു വിവാഹാലോചനവരുമ്പോൾ
അവൾക്കുവേണ്ടി നമുക്കെന്തുചെയ്യാൻ കഴിയും?
9 അവൾ ഒരു മതിലാകുന്നെങ്കിൽ,
നാം അവൾക്കുമേൽ വെള്ളികൊണ്ടൊരു ഗോപുരം പണിതുയർത്തും
അവൾ ഒരു വാതിലാകുന്നെങ്കിൽ,
ദേവദാരു പലകകൾകൊണ്ട് അവൾക്കുചുറ്റും സംരക്ഷണംതീർക്കും.
10 ഞാൻ ഒരു മതിലാകുന്നു,
എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും.
അങ്ങനെ ഞാൻ അവന്റെ മിഴികൾക്ക്
ഒരുത്സവമായി.
11 ശലോമോന് ബാൽ-ഹാമോനിൽ ഒരു മുന്തിരിത്തോപ്പുണ്ടായിരുന്നു;
അദ്ദേഹം തന്റെ മുന്തിരിത്തോപ്പ് പാട്ടക്കർഷകരെ ഏൽപ്പിച്ചു.
അതിന്റെ ആദായവിഹിതമായി ഓരോരുത്തരും
ആയിരം വെള്ളിനാണയങ്ങൾ വീതം പാട്ടം കെട്ടേണ്ടതായിട്ടുണ്ട്.
12 എന്നാൽ ഇത് എന്റെ സ്വന്തം മുന്തിരിത്തോപ്പ്;
ശലോമോനേ, ആയിരം നിന്റേത്,
തോട്ടം കാക്കുന്നവർക്ക് ഇരുനൂറും.
13 പരിചാരികമാരായ തോഴിമാരോടൊപ്പം
ഉദ്യാനങ്ങളിൽ വസിക്കുന്നവളേ,
ഞാൻ നിന്റെ സ്വരം കേൾക്കട്ടെ!
14 എന്റെ പ്രിയാ, നീ ഓടിപ്പോന്നാലും,
ഒരു ചെറു കലമാനിനെപ്പോലെ
പരിമളപർവതമേടുകളിലെ
മാൻകിടാവിനെപ്പോലെതന്നെ.