9 "ഞാൻ നോക്കിക്കൊണ്ടിരിക്കെ,
"സിംഹാസനങ്ങൾ ഒരുക്കപ്പെട്ടു;
പുരാതനനായവൻ ഉപവിഷ്ടനായി.
അവിടത്തെ വസ്ത്രം ഹിമംപോലെ വെണ്മയുള്ളതും
തലമുടി നിർമലമായ ആട്ടിൻരോമംപോലെയും ആയിരുന്നു.
അവിടത്തെ സിംഹാസനം അഗ്നിജ്വാലയും
അതിന്റെ ചക്രങ്ങൾ എരിയുന്ന തീയും ആയിരുന്നു.
10 അവിടത്തെ സന്നിധിയിൽനിന്ന്
ഒരു അഗ്നിനദി പ്രവഹിക്കുന്നുണ്ടായിരുന്നു.
ആയിരമായിരംപേർ അവിടത്തേക്ക് ശുശ്രൂഷചെയ്തു;
പതിനായിരം പതിനായിരംപേർ അവിടത്തെ മുമ്പിൽ നിന്നിരുന്നു.
ന്യായവിസ്താരസഭ സമ്മേളിച്ചു,
പുസ്തകങ്ങൾ തുറന്നു.
11 "ആ കൊമ്പു സംസാരിച്ചുകൊണ്ടിരുന്ന അഹങ്കാരവാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ നോക്കി. മൃഗത്തെ കൊന്ന് അതിന്റെ ശരീരം നശിപ്പിച്ച് കത്തിജ്വലിക്കുന്ന തീയിൽ ഇടുന്നതുവരെ ഞാൻ നോക്കിക്കൊണ്ടിരുന്നു.