Pular para o conteúdo
Publicidade

സഭാപ്രസംഗി 12

1 യൗവനകാലത്തുതന്നെ

നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക,

ദുഷ്കാലങ്ങൾ വരുന്നതിനുമുമ്പ്,

"ഒന്നിലും എനിക്കൊരു താത്പര്യം തോന്നുന്നില്ല"

എന്നു നീ പറയുന്ന വർഷങ്ങൾ നിന്നെ സമീപിക്കുകയും ചെയ്യുന്നതിനുമുമ്പ്—

2 സൂര്യനും വെളിച്ചവും

ചന്ദ്രനും നക്ഷത്രങ്ങളും ഇരുളുന്നതിനുമുമ്പ്,

മഴയ്ക്കുശേഷം മേഘങ്ങൾ മടങ്ങിവരുന്നതിനു മുമ്പേതന്നെ—

3 അന്ന് വീട്ടുകാവൽക്കാർ വിറയ്ക്കും

ബലിഷ്ഠരായവർ കുനിയും

അരയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞുപോയതിനാൽ അവരും ജോലി നിർത്തിവെക്കും

ജനാലകളിലൂടെ നോക്കുന്നവർ കാഴ്ചയറ്റവരാകും;

4 തെരുവിലേക്കുള്ള കവാടങ്ങൾ അടയ്ക്കപ്പെടും

പൊടിക്കുന്ന ശബ്ദം അവ്യക്തമാകും;

പക്ഷികളുടെ കലപിലശബ്ദത്തിൽ നീ ഉണരും,

എന്നാൽ അവരുടെയും സംഗീതധ്വനി മന്ദമാകും;

5 മനുഷ്യർ ഉയരങ്ങളെ ഭയക്കും;

തെരുവോരങ്ങളിലെ അപകടങ്ങളെയും!

ബദാംവൃക്ഷം പൂക്കുമ്പോൾ

വിട്ടിൽ ഇഴഞ്ഞുനടക്കും.

അഭിലാഷങ്ങൾ ഉണരുകയില്ല.12:5 നിന്റെ മുടി നരച്ച്, മരണാസന്നമായ ഒരു വിട്ടിൽ ശക്തിയറ്റ് ഇഴഞ്ഞുനടക്കുന്നതുപോലെ നീയും ഇഴഞ്ഞുനടക്കും എന്നു വിവക്ഷ.

അപ്പോൾ മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും,

വിലാപക്കാർ തെരുവീഥികളിൽ ചുറ്റിസഞ്ചരിക്കും.

6 അതേ, നിന്റെ സ്രഷ്ടാവിനെ ഓർക്കുക—വെള്ളിച്ചരട് അറ്റുപോകുംമുമ്പേ,

സ്വർണക്കിണ്ണം ഉടയുംമുമ്പേതന്നെ;

ഉറവിങ്കലെ കുടം ഉടയുന്നതിനും

കിണറ്റിങ്കലെ ചക്രം തകരുന്നതിനും മുമ്പുതന്നെ,

7 പൂഴി അതു വന്ന മണ്ണിലേക്കും

ആത്മാവ് അതിന്റെ ധാതാവായ ദൈവത്തിങ്കലേക്കും മടങ്ങുന്നതിനുമുമ്പേതന്നെ.

8 "അർഥശൂന്യം! അർഥശൂന്യം!" സഭാപ്രസംഗി പറയുന്നു.

"ഓരോന്നും അർഥശൂന്യമാകുന്നു!"

സഭാപ്രസംഗിയുടെ ഉപസംഹാരചിന്ത

9 സഭാപ്രസംഗി ജ്ഞാനിയായിരുന്നു എന്നുമാത്രമല്ല, ജനത്തിന് പരിജ്ഞാനം പകർന്നുനൽകുകയും ചെയ്തു. അദ്ദേഹം ചിന്തിച്ച് നിരീക്ഷിച്ച് അനേകം സുഭാഷിതങ്ങൾ ചമയ്ക്കുകയും ചെയ്തു. 10 സഭാപ്രസംഗി ഉചിത വാക്യങ്ങൾ തേടി, താൻ എഴുതിയതെല്ലാം സത്യസന്ധവും വസ്തുനിഷ്ഠവും ആയിരുന്നു.

11 ജ്ഞാനിയുടെ വചസ്സുകൾ ഇടയന്മാരുടെ വടിപോലെയും; ജ്ഞാനവചസ്സുകളുടെ ശേഖരം യജമാനന്റെ വടിയിൽ തറച്ചുവെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു—ഇവയെല്ലാം ഒരു ഇടയന്റെ അനുശാസനമാണ്. 12 എന്റെ കുഞ്ഞേ12:12 മൂ.ഭാ. എന്റെ മകനേ ഇതിനെല്ലാമുപരി, ജാഗ്രതപുലർത്തുക.

പുസ്തകം ചമയ്ക്കുന്നതിന് അവസാനമില്ല; അധികം പഠനം ശരീരത്തെ തളർത്തുന്നു.

13 ഇപ്പോൾ എല്ലാം ശ്രവിച്ചുകഴിഞ്ഞല്ലോ;

ഇതാകുന്നു എല്ലാറ്റിന്റെയും സംഗ്രഹം:

ദൈവത്തെ ഭയപ്പെട്ട് അവിടത്തെ കൽപ്പനകൾ പ്രമാണിക്കുക,

ഇതാകുന്നു എല്ലാവർക്കും കരണീയം.

14 കാരണം ദൈവം, എല്ലാവിധ പ്രവൃത്തികളെയും രഹസ്യമായതുൾപ്പെടെ,

നല്ലതോ തീയതോ ആയ ഓരോന്നിനെയും

ന്യായവിസ്താരത്തിലേക്കു നടത്തുമല്ലോ.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.