4 അദ്ദേഹത്തിന്റെ പുത്രന്മാർ ഓരോരുത്തനും തങ്ങളുടെ വീടുകളിൽ അവരവരുടെ ഊഴമനുസരിച്ച് വിരുന്നു നടത്തിയിരുന്നു. ആ സമയത്തു തങ്ങളോടൊപ്പം ഭക്ഷിച്ചു പാനംചെയ്യാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു ക്ഷണിക്കുമായിരുന്നു. 5 ആഘോഷങ്ങൾക്കൊടുവിൽ, ഇയ്യോബ് അവരെ വിളിപ്പിച്ച് ശുദ്ധീകരണകർമങ്ങൾ നടത്തുകയും അതിരാവിലെ എഴുന്നേറ്റ് അവരുടെ എണ്ണത്തിനനുസരിച്ച് അവർക്കുവേണ്ടി ഹോമയാഗങ്ങൾ അർപ്പിക്കുകയും ചെയ്തുപോന്നു. "ഒരുപക്ഷേ, എന്റെ മക്കൾ പാപം ചെയ്യുകയോ ഹൃദയംകൊണ്ടു ദൈവത്തെ തിരസ്കരിക്കുകയോ ചെയ്തിരിക്കാം," എന്നു ചിന്തിച്ച് ഇയ്യോബ് ഈ കൃത്യം പതിവായി അനുഷ്ഠിക്കുമായിരുന്നു.
18 ഇയാൾ പറഞ്ഞുകൊണ്ടിരിക്കേ വേറൊരാൾ വന്നു പറഞ്ഞു: "നിന്റെ പുത്രന്മാരും പുത്രിമാരും മൂത്തസഹോദരന്റെ വീട്ടിൽ ഭക്ഷിക്കുകയും വീഞ്ഞു പാനംചെയ്യുകയും ആയിരുന്നു. 19 അപ്പോൾ മരുഭൂമിയിൽനിന്ന് അതിശക്തമായ ഒരു കാറ്റടിച്ച് വീടിന്റെ നാലു മൂലയും തകർത്തു. വീട് അവരുടെമേൽ നിലംപൊത്തി അവർ മരിച്ചുപോയി. വിവരമറിയിക്കാൻ ഞാൻമാത്രം രക്ഷപ്പെട്ടുപോന്നു!"