Publicidade

Jó 4

എലീഫസ്

1 അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു:

2 "നിന്നോട് ആരെങ്കിലും ഒരു വാക്കു സംസാരിക്കാൻ തുനിഞ്ഞാൽ നീ അക്ഷമനാകുമോ?

എന്നാൽ ആർക്കു സംസാരിക്കാതിരിക്കാൻ കഴിയും?

3 നീ ധാരാളംപേരെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്;

ശക്തിക്ഷയിച്ച കൈകളെ നീ ബലപ്പെടുത്തിയിട്ടുള്ളതും ഓർക്കുക.

4 ഇടറുന്നവരെ നിന്റെ വാക്കുകൾ ഉറപ്പിച്ചുനിർത്തി;

ദുർബലമായ കാൽമുട്ടുകൾക്കു നീ ബലം പകർന്നു.

5 ഇപ്പോഴിതാ, ദുരന്തം നിന്നെ വേട്ടയാടിയിരിക്കുന്നു, നിന്റെ ധൈര്യം ചോർന്നുപോകുകയും ചെയ്തിരിക്കുന്നു;

അതു നിന്നെ ആഞ്ഞടിച്ചപ്പോൾ നീ പരിഭ്രാന്തനായിരിക്കുന്നു.

6 നിന്റെ ദൈവഭക്തി നിനക്ക് ആത്മവിശ്വാസം നൽകുന്നില്ലേ?

നിന്റെ നിർമലമാർഗങ്ങളല്ലേ നിനക്കു പ്രത്യാശ നൽകുന്നത്?

7 "ഓർത്തുനോക്കുക: നിഷ്കളങ്കരായ ആരെങ്കിലും നശിച്ചുപോയിട്ടുണ്ടോ?

പരമാർഥികൾ എപ്പോഴെങ്കിലും മുടിഞ്ഞുപോയിട്ടുണ്ടോ?

8 എന്റെ നിരീക്ഷണത്തിൽ, അനീതി ഉഴുകയും

ദോഷം വിതയ്ക്കുകയും ചെയ്യുന്നവർ അതുതന്നെ കൊയ്തുകൂട്ടുന്നു.

9 ദൈവത്തിന്റെ നിശ്വാസത്താൽ അവർ നശിക്കുന്നു;

അവിടത്തെ കോപാഗ്നിയിൽ അവർ വെന്തുവെണ്ണീറാകുന്നു.

10 സിംഹം അലറുകയും മുരളുകയും ചെയ്തേക്കാം,

എന്നിട്ടും ഭീകരസിംഹങ്ങളുടെ ദംഷ്ട്രങ്ങൾ തകർക്കപ്പെടുന്നു.

11 സിംഹം ഇര കിട്ടായ്കയാൽ നശിച്ചുപോകുകയും

സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുകയും ചെയ്യുന്നു.

12 "ഇപ്പോൾ ഒരു വാർത്ത രഹസ്യമായി എന്റെ ചെവിയിലെത്തി;

അതിന്റെ മന്ത്രണം എന്റെ കാതുകളിൽ പതിച്ചു.

13 രാത്രിയിൽ അസ്വസ്ഥചിന്തകൾ ഉളവാക്കുന്ന സ്വപ്നങ്ങൾക്കിടയിൽ,

മനുഷ്യർ ഗാഢനിദ്രയിൽ ആണ്ടുപോകുന്ന നേരത്തുതന്നെ,

14 ഭീതിയും നടുക്കവും എന്നെ പിടികൂടി;

എന്റെ അസ്ഥികളെയെല്ലാം അതു പിടിച്ചുകുലുക്കി.

15 ഒരാത്മാവ് എന്റെ മുഖത്തുകൂടി തെന്നിമാറി;

എന്റെ ശരീരം രോമാഞ്ചമണിഞ്ഞു.

16 അതു നിശ്ചലമായി നിന്നു;

എങ്കിലും ആ രൂപം എന്താണെന്നു തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല.

ഒരു രൂപം എന്റെ കണ്ണുകൾക്കുമുമ്പിൽ നിലകൊണ്ടു;

നിശ്ശബ്ദതയിൽ ഞാൻ ഒരു പതിഞ്ഞസ്വരം കേട്ടു:

17 ‘മർത്യനു ദൈവത്തെക്കാൾ നീതിമാനാകാൻ കഴിയുമോ?

തന്റെ സ്രഷ്ടാവിനെക്കാൾ നിർമലനാകാൻ ഒരു മനുഷ്യനു സാധിക്കുമോ?

18 ദൈവം തന്റെ സേവകരിൽ വിശ്വാസം അർപ്പിക്കുന്നില്ലെങ്കിൽ;

തന്റെ ദൂതന്മാരിൽ അങ്ങ് കുറ്റമാരോപിക്കുന്നെങ്കിൽ,

19 മൺകൂടാരങ്ങളിൽ വസിക്കുന്നവർ,

പൊടിയിൽനിന്ന് ഉദ്ഭവിച്ചവർ,

നിശാശലഭത്തെക്കാൾ വേഗത്തിൽ ചവിട്ടിയരയ്ക്കപ്പെടുന്നവർ എത്രയധികം കുറ്റക്കാരായിരിക്കും!

20 ഉഷസ്സിനും സായംസന്ധ്യക്കും മധ്യേ അവർ ഛിന്നഭിന്നമാകുന്നു;

അഗണ്യരായി, അവർ എന്നെന്നേക്കുമായി അപ്രത്യക്ഷരാകുന്നു.

21 അവരുടെ ജീവതന്തു അവർക്കുള്ളിൽത്തന്നെ അറ്റുപോകുകയല്ലേ?

അവർ ജ്ഞാനം പ്രാപിക്കാതെ മരിക്കുകയല്ലേ ചെയ്യുന്നത്?’

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-18_14-04-22-