12 എന്നാൽ ജ്ഞാനം എവിടെനിന്നാണു കണ്ടെത്തുന്നത്?
വിവേകം വസിക്കുന്ന സ്ഥലം എവിടെ?
13 അതിന്റെ മൂല്യം മർത്യർ ഗ്രഹിക്കുന്നില്ല;
ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്താൻ കഴിയുന്നതുമില്ല.
14 "അത് എന്നിലില്ല," എന്ന് ആഴി പറയുന്നു;
"അത് എന്റെ അടുക്കലില്ല," എന്നു സമുദ്രവും അവകാശപ്പെടുന്നു.
15 മേൽത്തരമായ തങ്കംകൊടുത്ത് അതു വാങ്ങാൻ കഴിയുകയില്ല;
വെള്ളി അതിന്റെ വിലയായി തൂക്കിനൽകാനും കഴിയില്ല.
16 ഓഫീർതങ്കംകൊണ്ട് അതിന്റെ വിലമതിക്കുക അസാധ്യം,
ഗോമേദകമോ ഇന്ദ്രനീലക്കല്ലോ അതിനു പകരമാകുകയില്ല.
17 സ്വർണമോ സ്ഫടികമോ അതിനു തുല്യമാകുകയില്ല,
രത്നാലംകൃത സ്വർണാഭരണങ്ങളാൽ അതു വെച്ചുമാറുന്നതിനും സാധ്യമല്ല.
18 പവിഴത്തിന്റെയും സൂര്യകാന്തത്തിന്റെയും28:18 ഈ വിലയേറിയ കല്ലുകൾ ഏതെന്നു കൃത്യമായി പറയുക സാധ്യമല്ല. കാര്യം പറയുകയേ വേണ്ട;
മാണിക്യത്തെക്കാൾ അത്യന്തം മൂല്യവത്താണ് ജ്ഞാനം.
19 കൂശ് ദേശത്തുള്ള പുഷ്യരാഗംപോലും അതിനോടുപമിക്കാവുന്നതല്ല;
പരിശുദ്ധസ്വർണം നൽകിയും അതു വാങ്ങാൻ കഴിയുകയില്ല.
20 അങ്ങനെയെങ്കിൽ ജ്ഞാനം എവിടെനിന്നു വരുന്നു?
വിവേകം വസിക്കുന്ന സ്ഥലം എവിടെ?
21 ജീവനുള്ള സകലരുടെയും കണ്ണുകൾക്ക് അതു മറഞ്ഞിരിക്കുന്നു.
ആകാശത്തിലെ പറവകൾക്കുപോലും അതു ഗോപ്യമായിരിക്കുന്നു.
22 നരകവും മരണവും പറയുന്നു:
"അതിനെപ്പറ്റിയുള്ള ഒരു കേട്ടുകേൾവിമാത്രമാണ് ഞങ്ങളുടെ കാതുകളിൽ എത്തിയിരിക്കുന്നത്."