27 യേശു കരയ്ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്ന് ഒരു ഭൂതബാധിതൻ അദ്ദേഹത്തിന് നേരേവന്നു. ഇയാൾ ഏറെക്കാലമായിട്ടു വസ്ത്രം ധരിക്കുകയോ വീട്ടിൽ താമസിക്കുകയോ ചെയ്യാതെ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്. 28 അയാൾ യേശുവിനെ കണ്ടിട്ട് നിലവിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണു. "യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? എന്നെ പീഡിപ്പിക്കരുതേ എന്നു ഞാൻ അങ്ങയോടപേക്ഷിക്കുന്നു," എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. 29 കാരണം, യേശു ആ ദുരാത്മാവിനോട് അയാളിൽനിന്ന് പുറത്തുപോകാൻ കൽപ്പിച്ചിരുന്നു. അയാൾ ഭൂതാവേശിതനാകുമ്പോൾ, പലപ്പോഴും കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിരുന്നിട്ടും ചങ്ങലകൾ പൊട്ടിച്ച് ഏകാന്തസ്ഥലങ്ങളിലേക്ക് ആ ഭൂതം അവനെ ഓടിക്കുമായിരുന്നു.
30 യേശു അവനോട്, "നിന്റെ പേരെന്താ?" എന്നു ചോദിച്ചു.
അവനിൽ അസംഖ്യം ഭൂതങ്ങൾ ആവേശിച്ചിരുന്നതുകൊണ്ട് "ലെഗ്യോൻ"8:30 സൈന്യത്തിന്റെ 4,000-മുതൽ 6,000-പേർവരെ അടങ്ങുന്ന ഒരു സംഘത്തിന്റെ പേരാണ് ലെഗ്യോൻ. എന്ന് അയാൾ ഉത്തരം പറഞ്ഞു. 31 "പാതാളത്തിലേക്കു പോകാൻ തങ്ങളോട് ആജ്ഞാപിക്കരുതേ" എന്ന് അവർ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു.
32 അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കാൻ തങ്ങൾക്ക് അനുവാദം നൽകണമെന്നു ദുരാത്മാക്കൾ യേശുവിനോട് യാചിച്ചു. അദ്ദേഹം അവയ്ക്ക് അനുവാദം നൽകി. 33 ഭൂതങ്ങൾ ആ മനുഷ്യനിൽനിന്ന് പുറത്തുകടന്ന് പന്നികളിൽ പ്രവേശിച്ചു: ആ പന്നിക്കൂട്ടം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു.
34 പന്നികളെ മേയിക്കുന്നവർ ഈ സംഭവംകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു. 35 എന്താണു സംഭവിച്ചതെന്നറിയാൻ ജനങ്ങൾ അവിടേക്കു പാഞ്ഞു. അവർ യേശുവിന്റെ സമീപമെത്തിയപ്പോൾ, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രംധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകണ്ട് ഭയപ്പെട്ടു.