Pular para o conteúdo
Publicidade

മീഖാ 1

1 യഹോവയുടെ വചനം മോരേശേത്ത്യനായ മീഖായ്ക്കു ലഭിച്ചു: യെഹൂദാരാജാക്കന്മാരായ യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത്, ശമര്യയെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും അദ്ദേഹം കണ്ട ദർശനം.

2 സകലജനങ്ങളുമേ, കേൾക്കുക,

ഭൂമിയും അതിലെ സകലനിവാസികളും ഇതു ശ്രദ്ധിക്കുക,

തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് കർത്താവ്,

യഹോവയായ കർത്താവുതന്നെ, നിങ്ങൾക്കു വിരോധമായി സാക്ഷിക്കുന്നു.

ജെറുശലേമിനും ശമര്യക്കും എതിരേയുള്ള വിധി

3 നോക്കൂ, യഹോവ തന്റെ വാസസ്ഥലത്തുനിന്നു വരുന്നു;

അവിടന്ന് പുറപ്പെട്ട് ഭൂമിയുടെ ഉന്നതങ്ങളിൽ കാലടികൾ ഉറപ്പിക്കുന്നു.

4 തീയിൽ മെഴുകുപോലെയും

മലഞ്ചെരിവിൽ വെള്ളം പാഞ്ഞൊഴുകുന്നതുപോലെയും

അവിടത്തെ ചവിട്ടടിയിൽ പർവതങ്ങൾ ഉരുകിപ്പോകുകയും

താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു.

5 യാക്കോബിന്റെ അതിക്രമങ്ങൾ നിമിത്തവും

ഇസ്രായേൽജനത്തിന്റെ പാപങ്ങൾനിമിത്തവും ഇതെല്ലാം സംഭവിച്ചു.

യാക്കോബിന്റെ അതിക്രമം എന്ത്?

ശമര്യ അല്ലയോ അതിന്റെ തലസ്ഥാനം?

യെഹൂദയുടെ ക്ഷേത്രങ്ങൾ എവിടെ?

ജെറുശലേം അല്ലയോ അതിന്റെ കേന്ദ്രം?

6 "അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കൽക്കൂമ്പാരംപോലെയും

മുന്തിരി നടുന്ന നിലംപോലെയും ആക്കും.

ഞാൻ അവളുടെ കല്ലുകളെ താഴ്വരയിലേക്ക് എറിയും

അവളുടെ അടിസ്ഥാനങ്ങൾ ശൂന്യമാക്കും.

7 അവളുടെ എല്ലാ വിഗ്രഹങ്ങളും തകർക്കപ്പെടും;

അവളുടെ സമ്മാനങ്ങളെല്ലാം അഗ്നിയിൽ ദഹിപ്പിക്കപ്പെടും;

ഞാൻ അവളുടെ എല്ലാ വിഗ്രഹങ്ങളെയും നശിപ്പിക്കും.

വേശ്യകളുടെ കൂലിയിൽനിന്ന് അവൾ തന്റെ സമ്മാനങ്ങൾ ശേഖരിച്ചതുകൊണ്ട്,

വേശ്യകളുടെ കൂലിയായിത്തന്നെ അതു വീണ്ടും ചെലവഴിക്കപ്പെടും."

8 ഇതുനിമിത്തം ഞാൻ കരഞ്ഞു വിലപിക്കും;

ഞാൻ നഗ്നപാദനായും വിവസ്ത്രനായും നടക്കും.

ഞാൻ കുറുക്കനെപ്പോലെ ഓരിയിടും

ഒട്ടകപ്പക്ഷിയെപ്പോലെ വിലപിക്കും.

9 ശമര്യയുടെ മുറിവ് സൗഖ്യമാക്കാൻ കഴിയുകയില്ല;

അത് യെഹൂദയ്ക്കു വന്നിരിക്കുന്നു.

അത് എന്റെ ജനത്തിന്റെ കവാടത്തിൽ എത്തിയിരിക്കുന്നു,

ജെറുശലേമിൽത്തന്നെ എത്തിയിരിക്കുന്നു.

10 അത് ഗത്തിൽ അറിയിക്കരുത്;

കരയുകയേ അരുത്.

ബേത്ത്-അഫ്രായിൽ1:10 പൊടികൊണ്ടുള്ള വീട് എന്നർഥം.

പൊടിയിൽ ഉരുളുന്നു.

11 ശാഫീർ1:11 അലങ്കാരം എന്നർഥം. നഗരനിവാസികളേ,

നഗ്നരും ലജ്ജിതരുമായി പുറപ്പെട്ടുപോകുക,

സയനാനിൽ1:11 പുറപ്പാട് എന്നർഥം. പാർക്കുന്നവർ

പുറത്തുവരികയില്ല.

ബേത്ത്-ഏസെൽ വിലപിക്കുന്നു;

അത് ഒരിക്കലും നിനക്ക് സംരക്ഷണം നൽകുകയില്ല.

12 യഹോവയിൽനിന്ന് മഹാനാശം

ജെറുശലേമിന്റെ കവാടംവരെ വന്നതുകൊണ്ട്,

മാരോത്തുനിവാസികൾ1:12 കയ്‌പ് എന്നർഥം.

ആശ്വാസത്തിനായി കാത്തുകൊണ്ട് വിങ്ങിപ്പൊട്ടുന്നു.

13 ലാഖീശുനിവാസികളേ,1:13 തയ്യാറെടുപ്പ് എന്നർഥം.

കുതിരകളെ രഥങ്ങളിൽ സജ്ജമാക്കുക!

സീയോൻപുത്രിയുടെ പാപത്തിന്റെ ആരംഭം നിങ്ങളായിരുന്നല്ലോ,

ഇസ്രായേലിന്റെ അതിക്രമങ്ങൾ നിങ്ങളിൽ കാണപ്പെട്ടു.

14 അതുകൊണ്ട് നിങ്ങൾ മോരേശത്ത്-ഗത്തിന്

വിടചൊല്ലൽ സമ്മാനങ്ങൾ നൽകേണ്ടിവരും.

ബേത്ത്-അക്സീബുനഗരം1:14 വ്യാജഗൃഹം എന്നർഥം.

ഇസ്രായേൽ രാജാക്കന്മാരെ വഞ്ചിച്ചിരിക്കുന്നു.

15 മാരേശാനിവാസികളേ,1:15 കൈവശം എന്നർഥം.

ഞാൻ നിങ്ങൾക്കു വിരോധമായി ഒരു വീരനെ എഴുന്നേൽപ്പിക്കും.

ഇസ്രായേൽ പ്രഭുക്കന്മാർ

അദുല്ലാമിലേക്ക് ഓടിപ്പോകും.

16 നിങ്ങൾ സന്തോഷിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങളെ ഓർത്ത്

വിലപിച്ചുകൊണ്ട് നിങ്ങളുടെ തല ക്ഷൗരംചെയ്യുക;

അവർ നിങ്ങളെ വിട്ട് പ്രവാസത്തിലേക്കു പോകുന്നതിനാൽ

നിങ്ങൾ നിങ്ങളുടെ കഷണ്ടിയെ കഴുകന്റേതുപോലെ വിശാലമാക്കുക.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.