Publicidade

Amós 4

യിസ്രായേൽ ദൈവത്തിന്‍റെ അടുക്കൽ മടങ്ങിവന്നില്ല

1 എളിയവരെ പീഡിപ്പിക്കുകയും ദരിദ്രന്മാരെ ഞെരുക്കുകയും

സ്വന്തം ഭർത്താക്കന്മാരോട്:

"കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ" എന്ന് പറയുകയും ചെയ്യുന്ന സ്ത്രീകളേ,

ശമര്യാപർവ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേൾക്കുവിൻ.

2 "ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും

നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും

പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്ക് വരും"

എന്ന് യഹോവയായ കർത്താവ് തന്‍റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.

3 "അപ്പോൾ നിങ്ങൾ ഓരോരുത്തരും നേരെ

മുമ്പോട്ട് മതിൽ പിളർപ്പുകളിൽകൂടി പുറത്തുചെല്ലുകയും

നിങ്ങളെ ഹെർമ്മോന്‍ പര്‍വ്വതത്തിലേക്കു എറിഞ്ഞുകളയുകയും ചെയ്യും"

എന്ന് യഹോവയുടെ അരുളപ്പാട്.

4 ബേഥേലിൽ ചെന്നു അതിക്രമം ചെയ്യുവിൻ;

ഗില്ഗാലിൽ ചെന്നു അതിക്രമം വർദ്ധിപ്പിക്കുവിൻ;

രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളും

മൂന്നാംനാൾതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരുവിൻ.

5 "പുളിച്ച മാവുകൊണ്ടുള്ള സ്തോത്രയാഗം അർപ്പിക്കുവിൻ;

സ്വമേധാദാനങ്ങളെക്കുറിച്ച് ഘോഷിച്ച് പ്രസിദ്ധമാക്കുവിൻ;

ഇതല്ലയോ, യിസ്രായേൽ മക്കളേ, നിങ്ങൾക്ക് ഇഷ്ടമായിരിക്കുന്നത്"

എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.

6 "നിങ്ങളുടെ എല്ലാ പട്ടണങ്ങളിലും ഞാൻ

നിങ്ങൾക്ക് പല്ലിന്‍റെ വെടിപ്പും

എല്ലായിടങ്ങളിലും അപ്പത്തിന്‍റെ കുറവും വരുത്തിയിട്ടും

നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല"

എന്ന് യഹോവയുടെ അരുളപ്പാട്.

7 "കൊയ്ത്തിന് ഇനി മൂന്നു മാസമുള്ളപ്പോൾ

ഞാൻ നിങ്ങൾക്ക് മഴ മുടക്കിക്കളഞ്ഞു;

ഞാൻ ഒരു പട്ടണത്തിൽ മഴ നൽകുകയും

മറ്റെ പട്ടണത്തിൽ മഴ നൽകാതിരിക്കുകയും ചെയ്തു;

ഒരു വയലിൽ മഴ പെയ്തു;

മഴ പെയ്യാത്ത മറ്റെ വയൽ വരണ്ടുപോയി.

8 രണ്ടോ മൂന്നോ പട്ടണങ്ങൾ വെള്ളം കുടിക്കുവാൻ ഒരു പട്ടണത്തിലേക്ക് ഉഴന്നുചെന്നു,

ദാഹം തീർന്നില്ലതാനും;

എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല"

എന്ന് യഹോവയുടെ അരുളപ്പാട്.

9 "ഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു;

നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും

അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും

പലപ്പോഴും വെട്ടുക്കിളി തിന്നുകളഞ്ഞു;

എങ്കിലും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല"

എന്ന് യഹോവയുടെ അരുളപ്പാട്.

10 "ഈജിപ്റ്റിലെപ്പോലെ ഞാൻ മഹാവ്യാധി നിങ്ങളടെ ഇടയിൽ അയച്ച്

നിങ്ങളുടെ യൗവനക്കാരെ വാൾകൊണ്ട് കൊന്ന്

നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി;

നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാൻ

നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി;

എന്നിട്ടും നിങ്ങൾ എന്നിലേയ്ക്കു തിരിഞ്ഞില്ല"

എന്ന് യഹോവയുടെ അരുളപ്പാട്.

11 "ദൈവം സൊദോമിനെയും ഗൊമോറായെയും ഉന്മൂലനാശം ചെയ്തതുപോലെ

ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി,

നിങ്ങൾ കത്തുന്ന തീയിൽനിന്ന് വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു;

എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല"

എന്ന് യഹോവയുടെ അരുളപ്പാട്.

12 "അതുകൊണ്ട് യിസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും;

യിസ്രായേലേ, ഞാൻ ഇത് നിന്നോട് ചെയ്യുവാൻ പോകുന്നതുകൊണ്ട്

നിന്‍റെ ദൈവത്തെ എതിരേല്ക്കുവാൻ ഒരുങ്ങിക്കൊള്ളുക."

13 "പർവ്വതങ്ങളെ നിർമ്മിക്കുകയും

കാറ്റിനെ സൃഷ്ടിക്കുകയും

മനുഷ്യനോട് അവന്‍റെ നിരൂപണം ഇന്നതെന്ന് അറിയിക്കുകയും

പ്രഭാതത്തെ അന്ധകാരമാക്കുകയും

ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുവനുണ്ട്;

സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവിടുത്തെ നാമം."

Veja também

Publicidade
Amós
Ver todos os capítulos de Amós
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-