13 അവൾ കമ്പിളി, ചണം എന്നിവ ശേഖരിച്ച്
ചുറുചുറുക്കോടെ സ്വന്തം കൈകൾകൊണ്ട് അധ്വാനിക്കുന്നു.
14 അവൾ വ്യാപാരക്കപ്പൽപോലെയാണ്
വിദൂരതയിൽനിന്ന് അവൾ തന്റെ ഭക്ഷണം കൊണ്ടുവരുന്നു.
15 ഇരുട്ടൊഴിയുന്നതിനുമുമ്പുതന്നെ അവൾ ഉണരുന്നു
അവളുടെ കുടുംബത്തിനു ഭക്ഷണവും
വേലക്കാരികൾക്ക് അവരുടെ ഓഹരിയും ഒരുക്കുന്നു.
16 അവൾ ഒരു വയലിൽ കണ്ണുപതിപ്പിക്കുകയും അതു വാങ്ങുകയുംചെയ്യുന്നു;
അവളുടെ സമ്പാദ്യംകൊണ്ടൊരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിക്കുന്നു.
17 അവൾ തന്റെ അര മുറുക്കി കഠിനാധ്വാനം ചെയ്യുന്നു;
അവളുടെ കരങ്ങൾ അധ്വാനത്തിനു ശക്തം.
18 തന്റെ വ്യാപാരം ആദായകരമെന്ന് അവൾ ഉറപ്പുവരുത്തുന്നു,
അവളുടെ വിളക്ക് രാത്രിയിൽ അണയുന്നില്ല.
19 തന്റെ കരത്തിൽ അവൾ നെയ്ത്തുകോൽ പിടിച്ചിരിക്കുന്നു
അവളുടെ കൈവിരലുകൾ തക്ലിയിൽ പിടിച്ചിട്ടുണ്ട്.
20 അവൾ തന്റെ കൈകൾ ദരിദ്രർക്കായി തുറക്കുന്നു
സഹായം അർഹിക്കുന്നവർക്കുവേണ്ടി തന്റെ കൈകൾ നീട്ടുന്നു.