Publicidade

Provérbios 9

ജ്ഞാനവും അവിവേകവും

1 ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു;

ചെത്തിമിനുക്കിയ ഏഴു സ്തംഭങ്ങൾ സ്ഥാപിച്ചു.

2 അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി;

അവളുടെ തീന്മേശയും ഒരുക്കിവെച്ചു.

3 അവൾ തന്റെ തോഴിമാരെ നിയോഗിച്ചു,

നഗരത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ വിളംബരം ചെയ്യുന്നതിനുവേണ്ടി,

4 "ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!"

ബുദ്ധിഹീനരോട് അവൾ അറിയിക്കുന്നു,

5 "വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക,

ഞാൻ കലർത്തിവെച്ചിരിക്കുന്ന വീഞ്ഞ് പാനംചെയ്യുക.

6 നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക;

വിവേകപൂർണമായ മാർഗത്തിൽ സഞ്ചരിക്കുക."

7 പരിഹാസിയെ തിരുത്തുന്നവർക്ക് അധിക്ഷേപം പകരമായിലഭിക്കുന്നു;

ദുഷ്ടരെ ശകാരിക്കുന്നവർ അവഹേളനപാത്രമാകും.

8 പരിഹാസികളെ ശാസിക്കരുത്, അവർ നിന്നെ വെറുക്കും;

ജ്ഞാനികളെ ശാസിക്കുക, അവർ നിന്നെ സ്നേഹിക്കും.

9 ജ്ഞാനികളെ ഉപദേശിക്കുക, അവർ അധികം ജ്ഞാനമുള്ളവരായിത്തീരും;

നീതിനിഷ്ഠരെ അഭ്യസിപ്പിക്കുക, അവർ വിദ്യാഭിവൃത്തി പ്രാപിക്കും.

10 യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു,

പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകമാകുന്നു.

11 ജ്ഞാനംമൂലം നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും,

നിനക്കു ദീർഘായുസ്സുണ്ടാകുകയും ചെയ്യും.

12 നീ ജ്ഞാനമുള്ള വ്യക്തിയെങ്കിൽ, നിന്റെ ജ്ഞാനം നിനക്കു പ്രതിഫലംനൽകും;

നീ പരിഹാസിയാണെങ്കിൽ, അതിന്റെ അനന്തരഫലം നീമാത്രം അനുഭവിക്കും.

13 ഭോഷത്തം അടക്കമില്ലാത്ത ഒരു സ്ത്രീയാണ്;

അവൾ ഭോഷയും വിവരംകെട്ടവളുമാണ്.

14 അവൾ തന്റെ ഗൃഹകവാടത്തിൽ ഇരിക്കുന്നു,

നഗരത്തിലെ ഉന്നതസ്ഥാനത്തുള്ള ഒരു പീഠത്തിൽത്തന്നെ,

15 സ്വന്തംകാര്യം അന്വേഷിച്ചു പോകുന്ന പുരുഷന്മാരോട്,

അവൾ വിളിച്ചുപറയുന്നു,

16 "ലളിതമാനസരേ, എന്നോടൊപ്പം വരിക!"

വിവേകരഹിതരോടവൾ ചൊല്ലുന്നു,

17 "അപഹരിക്കപ്പെട്ട ജലം മധുരതരം;

ഒളിവിൽ ഭുജിക്കുന്ന ഭക്ഷണം അതിരുചികരം!"

18 എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നും

അവളുടെ അതിഥികൾ പാതാളത്തിന്റെ ആഴങ്ങളിലാണെന്നും അവർ അറിയുന്നില്ല.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-