15 നിന്റെ സ്വന്തം ജലസംഭരണിയിൽനിന്ന് പാനംചെയ്യുക,
നിന്റെ കിണറ്റിൽനിന്നുള്ള വെള്ളംമാത്രം കുടിക്കുക.5:15 അതായത്, നിന്റെ പ്രിയപത്നിയുടെ സ്നേഹംമാത്രം പങ്കിടുക.
16 നിന്റെ നീരുറവകൾ തെരുവോരങ്ങളിലേക്കു കവിഞ്ഞൊഴുകണമോ,
നിന്റെ അരുവികൾ ചത്വരങ്ങളിലേക്ക് ഒഴുക്കണമോ?5:16 അതായത്, ആരുമായും ലൈംഗികബന്ധത്തിലേർപ്പെടാമോ?
17 അതു നിന്റേതുമാത്രമായിരിക്കട്ടെ,
ഒരിക്കലും അത് അന്യരുമായി പങ്കിടാനുള്ളതല്ല.
18 നിന്റെ ജലധാര അനുഗൃഹീതമാകട്ടെ,
നിന്റെ യൗവനത്തിലെ ധർമപത്നിയുമൊത്ത് ആനന്ദിക്കുക.
19 അവൾ അനുരാഗിയായ മാൻപേട, അതേ അഴകാർന്ന മാനിനും തുല്യം—
അവളുടെ മാറിടം എപ്പോഴും നിന്നെ തൃപ്തനാക്കട്ടെ,
അവളുടെ പ്രേമത്താൽ നീ എപ്പോഴും ലഹരിപിടിച്ചവനായിരിക്കട്ടെ.
20 എന്റെ കുഞ്ഞേ, അന്യപുരുഷന്റെ ഭാര്യയെക്കണ്ടു നീ ഉന്മത്തനായിത്തീരുന്നത് എന്തിന്?
ലൈംഗികധാർമികതയില്ലാത്തവളുടെ മാറിടം പുണരുന്നതും എന്തിന്?