Publicidade

Zacarias 10

യഹോവ യെഹൂദയ്ക്കുവേണ്ടി കരുതുന്നു

1 പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിക്കുവിൻ;

യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ;

അവൻ അവർക്ക് വയലിലെ ഏതു സസ്യത്തിനുംവേണ്ടി

മാരി പെയ്യിച്ചുകൊടുക്കും.

2 ഗൃഹബിംബങ്ങൾ മിഥ്യാത്വം സംസാരിക്കുകയും

ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു

വ്യർത്ഥസ്വപ്നം പ്രസ്താവിച്ച് വൃഥാ ആശ്വസിപ്പിക്കുകയും ചെയ്യുന്നു;

അതുകൊണ്ട് അവർ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയൻ ഇല്ലാത്തതുകൊണ്ട് വലഞ്ഞിരിക്കുന്നു.

3 "എന്‍റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു;

ഞാൻ നായകന്മാരെ ശിക്ഷിക്കും;

സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്‍റെ ആട്ടിൻകൂട്ടത്തെ സന്ദർശിച്ച്

അവരെ യുദ്ധത്തിൽ തന്‍റെ രാജകീയകുതിരകളെ പോലെയാക്കും.

4 അവന്‍റെ പക്കൽനിന്ന് മൂലക്കല്ലും

അവന്‍റെ പക്കൽനിന്ന് ആണിയും

അവന്‍റെ പക്കൽനിന്ന് പടവില്ലും

അവന്‍റെ പക്കൽനിന്ന് ഏതു അധിപതിയും വരും.

5 അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും;

യഹോവ അവരോടുകൂടിയുള്ളതുകൊണ്ട് അവർ കുതിരപ്പടയാളികൾ ലജ്ജിച്ചുപോകുവാൻ തക്കവണ്ണം പൊരുതും.

6 ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും

യോസേഫ് ഗൃഹത്തെ രക്ഷിക്കുകയും

എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തുകയും ചെയ്യും;

ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും;

ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ;

ഞാൻ അവർക്ക് ഉത്തരമരുളും.

7 എഫ്രയീമ്യർ വീരനെപ്പോലെയാകും;

അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും;

അവരുടെ പുത്രന്മാർ അത് കണ്ടു സന്തോഷിക്കും;

അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും.

8 ഞാൻ അവരെ വീണ്ടെടുത്തിരിക്കുകയാൽ അവരെ ചൂളമടിച്ചു ശേഖരിക്കും;

അവർ പെരുകിയിരുന്നതുപോലെ പെരുകും.

9 ഞാൻ അവരെ ജനതകളുടെ ഇടയിൽ വിതറും;

ദൂരദേശങ്ങളിൽവച്ച് അവർ എന്നെ ഓർക്കും;

അവർ മക്കളോടുകൂടി ജീവിച്ചു മടങ്ങിവരും.

10 ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും;

അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും;

ഗിലെയാദ്‌ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും;

അവർക്ക് ഇടം പോരാതെവരും.

11 അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു,

സമുദ്രത്തിലെ ഓളങ്ങളെ അടിക്കും;

നീലനദിയുടെ ആഴങ്ങളെല്ലാം വറ്റിപ്പോകുകയും

അശ്ശൂരിന്‍റെ അഹങ്കാരം താഴുകയും

മിസ്രയീമിന്‍റെ ചെങ്കോൽ നീങ്ങിപ്പോകുകയും ചെയ്യും.

12 ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും;

അവർ അവന്‍റെ നാമത്തിൽ സഞ്ചരിക്കും"

എന്നു യഹോവയുടെ അരുളപ്പാട്.

Veja também

Publicidade
Zacarias
Ver todos os capítulos de Zacarias
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-