Pular para o conteúdo
Publicidade

സെഖര്യാവ് 9

യിസ്രായേലിന്‍റെ ശത്രുക്കളുടെമേൽ ന്യായവിധി

1 ഒരു പ്രവചനം:

യഹോവയുടെ അരുളപ്പാട് ഹദ്രാക്ക്ദേശത്തിനു വിരോധമായിരിക്കുന്നു;

ദമ്മേശെക്കിന്മേൽ അത് വന്നമരും;

യഹോവ, മനുഷ്യരിലും യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവക്കുന്നു.

2 ദമ്മേശെക്കിനോടു ചേർന്നുകിടക്കുന്ന ഹമാത്തിനും

ജ്ഞാനം ഏറിയ സോരിനും സീദോനും അങ്ങനെ തന്നെ.

3 സോർ തനിക്കു ഒരു കോട്ട പണിത്,

പൊടിപോലെ വെള്ളിയും

വീഥികളിലെ ചെളിപോലെ തങ്കവും കൂട്ടിവച്ചു.

4 എന്നാൽ കർത്താവ് അവളെ ഇറക്കും9:4 ഇറക്കും പുറത്താക്കും എന്ന് മറ്റ് ഭാഷാന്തരത്തിൽ കാണാം. ,

അവളുടെ കൊത്തളം9:4 കൊത്തളം മറ്റ് ഭാഷാന്തരത്തിൽ ധനം എന്നും കാണാം. കടലിൽ ഇട്ടുകളയും;

അവൾ തീക്ക് ഇരയായ്തീരുകയും ചെയ്യും.

5 അസ്കലോൻ അത് കണ്ടു ഭയപ്പെടും;

ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറയ്ക്കും;

അവളുടെ പ്രത്യാശക്കു ഭംഗം വരുമല്ലോ;

ഗസ്സയിൽനിന്ന് രാജാവ് നശിച്ചുപോകും;

അസ്കലോനു നിവാസികൾ ഇല്ലാതെയാകും.

6 അസ്തോദിൽ ജാരസന്തതികൾ പാർക്കും;

ഫെലിസ്ത്യരുടെ അഹങ്കാരം ഞാൻ ഛേദിച്ചുകളയും.

7 ഞാൻ അവന്‍റെ രക്തം അവന്‍റെ വായിൽനിന്നും

അവന്‍റെ വെറുപ്പുകൾ അവന്‍റെ പല്ലിനിടയിൽനിന്നും നീക്കിക്കളയും;

എന്നാൽ അവനും നമ്മുടെ ദൈവത്തിന് ഒരു ശേഷിപ്പായിത്തീരും;

അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും

എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും.

8 ആരും വരുകയും പോകുകയും ചെയ്യാതിരിക്കേണ്ടതിനു

ഞാൻ ഒരു പട്ടാളമായി എന്‍റെ ആലയത്തിന് ചുറ്റും പാളയമിറങ്ങും;

ഇനി ഒരു പീഡകനും അവരുടെ ഇടയിൽകൂടി കടക്കുകയില്ല;

ഇപ്പോൾ ഞാൻ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ.

സീയോൻ രാജാവ് വരുന്നു

9 സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക;

യെരൂശലേം പുത്രിയേ, ആർപ്പിടുക!

ഇതാ, നിന്‍റെ രാജാവ് നിന്‍റെ അടുക്കൽ വരുന്നു;

അവൻ നീതിമാനും ജയശാലിയും

താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും

പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു. 10 ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും

യെരൂശലേമിൽ നിന്നു കുതിരയെയും ഛേദിച്ചുകളയും;

പടവില്ലും9:10 പടവില്ലും യുദ്ധത്തിനു ഉപയോഗിക്കുന്ന വില്ല്. ഒടിഞ്ഞുപോകും;

അവൻ ജനതകളോടു സമാധാനം കല്പിക്കും;

അവന്‍റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും

നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.

11 നീയോ - നിന്‍റെ നിയമരക്തം ഹേതുവായി

ഞാൻ നിന്‍റെ ബദ്ധന്മാരെ9:11 ബദ്ധന്മാരെ ബന്ദികളെ, തടവുകാരെ എന്നും ആകാം. വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും.

12 പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്ക് മടങ്ങിവരുവിൻ;

ഞാൻ നിനക്ക് ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നുതന്നെ പ്രസ്താവിക്കുന്നു.

13 ഞാൻ എനിക്ക് യെഹൂദയെ വില്ലായി കുലച്ചും

എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു;

സീയോനേ, ഞാൻ നിന്‍റെ പുത്രന്മാരെ യവനദേശമേ,

നിന്‍റെ പുത്രന്മാരുടെ നേരെ ഉണർത്തി

നിന്നെ ഒരു വീരന്‍റെ വാൾപോലെയാക്കും.

14 യഹോവ അവർക്ക് മീതെ പ്രത്യക്ഷനാകും;

അവന്‍റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും;

യഹോവയായ കർത്താവ് കാഹളം ഊതി

തെക്കൻ ചുഴലിക്കാറ്റുകളിൽ വരും.

15 സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ട് മറയ്ക്കും;

അവർ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളയുകയും

രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കുകയും

യാഗകലശങ്ങൾപോലെയും യാഗപീഠത്തിന്‍റെ കോണുകൾപോലെയും നിറഞ്ഞിരിക്കുകയും ചെയ്യും.

16 ആ നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്‍റെ ജനമായ ആട്ടിൻകൂട്ടത്തെപ്പോലെ രക്ഷിക്കും;

അവർ അവന്‍റെ ദേശത്ത് ഒരു കിരീടത്തിന്‍റെ രത്നംപോലെ പൊങ്ങി ശോഭിക്കും.

17 അതിന്‍റെ ശ്രേഷ്ഠതയും സൗന്ദര്യവും എത്ര വലുതായിരിക്കും!

ധാന്യം യുവാക്കളെയും വീഞ്ഞ് യുവതികളെയും പുഷ്ടീകരിക്കുന്നു.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.