Publicidade

Jeremias 6

യെരൂശലേമിന്മേലുള്ള ഉപരോധം

1 "ബെന്യാമീൻമക്കളേ, യെരൂശലേമിന്‍റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ;

തെക്കോവയിൽ കാഹളം ഊതുവിൻ;

ബേത്ത്-ഹഖേരെമിൽ തീ കൊണ്ടുള്ള ഒരടയാളം ഉയർത്തുവിൻ;

വടക്കുനിന്ന് അനർത്ഥവും മഹാനാശവും വരുന്നു.

2 സുന്ദരിയും സുഖഭോഗിനിയുമായ

സീയോൻപുത്രിയെ ഞാൻ നശിപ്പിച്ചുകളയും.

3 അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻകൂട്ടങ്ങളോടുകൂടി വരും;

അവർ ചുറ്റും അവൾക്കെതിരെ കൂടാരം അടിക്കും;

അവർ ഓരോരുത്തൻ അവനവന്‍റെ സ്ഥലത്തു മേയിക്കും."

4 "അതിന്‍റെ നേരെ യുദ്ധത്തിനൊരുങ്ങുവിൻ! എഴുന്നേല്ക്കുവിൻ;

ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം!

അയ്യോ കഷ്ടം! നേരം വൈകിപ്പോയല്ലോ;

നിഴൽ നീണ്ടുവരുന്നു.

5 എഴുന്നേല്ക്കുവിൻ! രാത്രിയിൽ നാം കയറിച്ചെന്ന്

അതിന്‍റെ അരമനകളെ നശിപ്പിക്കുക!"

6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു:

"വൃക്ഷങ്ങൾ മുറിക്കുവിൻ!

യെരൂശലേമിനെതിരെ നിരോധനം ഉണ്ടാക്കുവിൻ!

സന്ദർശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നെ;

അതിന്‍റെ അകം മുഴുവനും പീഢനം നിറഞ്ഞിരിക്കുന്നു.

7 കിണറ്റിൽ പുതുവെള്ളം നിറയുന്നതുപോലെ

അതിൽ എപ്പോഴും പുതിയ ദുഷ്ടത നിറയുന്നു;

സാഹസവും കവർച്ചയും മാത്രമേ അവിടെ കേൾക്കുവാനുള്ളു;

എന്‍റെ മുമ്പിൽ എപ്പോഴും സങ്കടവും മുറിവും മാത്രമേയുള്ളു.

8 യെരൂശലേമേ, എന്‍റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും

ഞാൻ നിന്നെ ശൂന്യവും നിർജ്ജനപ്രദേശവും ആക്കാതെയും

ഇരിക്കേണ്ടതിന് ഉപദേശം കൈക്കൊള്ളുക."

9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"യിസ്രായേലിന്‍റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചുപറിക്കും;

മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്‍റെ കൈ

വീണ്ടും വള്ളികളിലേക്കു നീട്ടുക.

10 അവർ കേൾക്കുവാൻ തക്കവണ്ണം ഞാൻ ആരോട് സംസാരിച്ച് താക്കീത് നൽകേണ്ടു?

കാതുകൾ അടഞ്ഞു പോകയാൽ ശ്രദ്ധിക്കുവാൻ അവർക്ക് കഴിയുകയില്ല;

യഹോവയുടെ വചനം അവർക്ക് നിന്ദ്യമായിരിക്കുന്നു;

അവർക്ക് അതിൽ ഇഷ്ടമില്ല.

11 ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു;

അത് അടക്കിവച്ച് ഞാൻ തളർന്നുപോയി;

ഞാൻ അത് വീഥികളിലെ കുട്ടികളിന്മേലും

യൗവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ചൊരിയും;

ഭർത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിക്കപ്പെടും.

12 അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും

എല്ലാം അന്യന്മാർക്ക് ആയിപ്പോകും;

ഞാൻ എന്‍റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും"

എന്നു യഹോവയുടെ അരുളപ്പാടു.

13 "അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു;

പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.

14 സമാധാനം ഇല്ലാതിരിക്കുമ്പോൾ, ‘സമാധാനം സമാധാനം’ എന്നു അവർ പറഞ്ഞ്,

എന്‍റെ ജനത്തിന്‍റെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.

15 മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും;

അവർ ലജ്ജിക്കുകയോ നാണം അറിയുകയോ ചെയ്തിട്ടില്ല;

അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും;

ഞാൻ അവരെ സന്ദർശിക്കുന്ന കാലത്ത് അവർ ഇടറിവീഴും"

എന്നു യഹോവയുടെ അരുളപ്പാടു.

16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"നിങ്ങൾ വഴിയരികിൽ ചെന്നു നല്ലവഴി ഏതെന്ന് നോക്കുവിൻ;

പഴയ പാതകൾ ഏതെന്ന് ചോദിച്ച് അതിൽ നടക്കുവിൻ;

എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രമം ലഭിക്കും."

അവരോ: "ഞങ്ങൾ അതിൽ നടക്കുകയില്ല" എന്നു പറഞ്ഞു.

17 ഞാൻ നിങ്ങൾക്ക് കാവല്ക്കാരെ ആക്കി:

"കാഹളനാദം ശ്രദ്ധിക്കുവിൻ" എന്നു കല്പിച്ചു;

എന്നാൽ അവർ: "ഞങ്ങൾ ശ്രദ്ധിക്കുകയില്ല" എന്നു പറഞ്ഞു.

18 "അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ;

സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊള്ളുക."

19 "ഭൂമിയേ, കേൾക്കുക; ഈ ജനം എന്‍റെ വചനങ്ങൾ ശ്രദ്ധിക്കാതെ

എന്‍റെ ന്യായപ്രമാണം നിരസിച്ചുകളഞ്ഞതുകൊണ്ട്,

ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി

അനർത്ഥം അവരുടെ മേൽ വരുത്തും."

20 "ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്ക് കൊണ്ടുവരുന്നത് എന്തിന്?

നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്ക് പ്രസാദമില്ല;

നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്ക് ഇഷ്ടവുമില്ല."

21 ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"ഞാൻ ഈ ജനത്തിന്‍റെ മുമ്പിൽ തടങ്കൽപ്പാറകൾ വയ്ക്കും;

പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും;

അയല്ക്കാരനും കൂട്ടുകാരനും ഒരുമിച്ച് നശിച്ചുപോകും."

22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജനത വരുന്നു;

ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനത ഉണർന്നുവരും.

23 അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു;

അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നെ;

അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു;

സീയോൻ പുത്രീ, അവർ നിന്‍റെനേരെ യുദ്ധസന്നദ്ധരായി

ഓരോരുത്തനും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു."

24 "അതിന്‍റെ വാർത്ത കേട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു;

നോവുകിട്ടിയ സ്ത്രീയെപ്പോലെ

മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.

25 നിങ്ങൾ വയലിലേക്കു ചെല്ലരുത്;

വഴിയിൽ നടക്കുകയുമരുത്;

അവിടെ ശത്രുവിന്‍റെ വാൾ നിമിത്തം

ചുറ്റും ഭയം ഉണ്ട്."

26 എന്‍റെ ജനത്തിന്‍റെ പുത്രീ, രട്ടുടുത്ത് വെണ്ണീറിൽ ഉരുളുക;

ഏകജാതനെക്കുറിച്ച് എന്നപോലെയുള്ള ദുഃഖവും നമ്മുടെനേരെ വരും.

27 "നീ എന്‍റെ ജനത്തിന്‍റെ നടപ്പ് പരീക്ഷിച്ച് അറിയേണ്ടതിന്

ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും

മാറ്റുനോക്കുന്നവനും ആക്കിവച്ചിരിക്കുന്നു.

28 അവരെല്ലാവരും മഹാമത്സരികൾ,

നുണപറഞ്ഞു നടക്കുന്നവർ;

അവർ ചെമ്പും ഇരിമ്പും തന്നെ;

അവരെല്ലാവരും വഷളത്തം പ്രവർത്തിക്കുന്നു.

29 ഉല ഉഗ്രമായി ഊതുന്നു;

തീയിൽനിന്നു വരുന്നത് ഈയമത്രേ;

ഊതിക്കഴിക്കുന്ന പണി വെറുതെ;

ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.

30 യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട്

അവർക്ക് കറക്കൻവെള്ളി എന്നു പേരാകും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-