Publicidade

Oséias 10

യിസ്രായേലിനെതിരായ യഹോവയുടെ ന്യായവിധി

1 യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു;

അവൻ ഫലം കായിക്കുന്നു;

തന്‍റെ ഫലം വർദ്ധിച്ചപ്പോൾ

അവൻ ബലിപീഠങ്ങളും വർദ്ധിപ്പിച്ചു;

തന്‍റെ ദേശത്തിന് സമൃദ്ധി ഉണ്ടായപ്പോൾ

അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളും ഉണ്ടാക്കി.

2 അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു;

ഇപ്പോൾ അവർ കുറ്റക്കാരായിത്തീരും;

അവൻ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയുകയും

അവരുടെ വിഗ്രഹസ്തംഭങ്ങൾ നശിപ്പിക്കുകയും ചെയ്യും.

3 ഇപ്പോൾ അവർ: "നമുക്ക് രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ;

രാജാവ് നമുക്കുവേണ്ടി എന്ത് ചെയ്യും?" എന്ന് പറയും.

4 അവർ വ്യർത്ഥവാക്കുകൾ സംസാരിച്ച്,

ഉടമ്പടി ചെയ്യുമ്പോൾ കള്ളസ്സത്യം ചെയ്യുന്നു;

അതുകൊണ്ട് ദൈവത്തിന്‍റെ ന്യായവിധി

വയലിലെ ഉഴവുചാലുകളിൽ നഞ്ചുചെടിപോലെ മുളച്ചുവരുന്നു.

5 ശമര്യാ നിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടി നിമിത്തം ഭയപ്പെടുന്നു;

അവിടുത്തെ ജനം അതിനെക്കുറിച്ച് ദുഃഖിക്കുന്നു;

അവരുടെ പൂജാരികൾ മഹത്വം അതിനെ വിട്ടുപോയതുകൊണ്ട്

അതിനെക്കുറിച്ച് ഭയപ്പെട്ട് വിറയ്ക്കുന്നു.

6 ആ വിഗ്രഹത്തെയും യുദ്ധതല്പരനായ രാജാവിന് സമ്മാനമായി അശ്ശൂരിലേക്ക് കൊണ്ടുപോകും;

എഫ്രയീം ലജ്ജിക്കും;

യിസ്രായേൽ സ്വന്തം തടി വിഗ്രഹങ്ങളെ കുറിച്ച് ലജ്ജിക്കും.

7 ശമര്യയുടെ കാര്യമോ, അതിന്‍റെ രാജാവ്

വെള്ളത്തിലെ ചുള്ളിക്കമ്പ് പോലെ നശിച്ചുപോകും.

8 യിസ്രായേലിന്‍റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും;

മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളയ്ക്കും;

അവർ മലകളോട്: "ഞങ്ങളുടെമേൽ വീഴുവിൻ" എന്ന് പറയും.

9 യിസ്രായേലേ, ഗിബെയയുടെ കാലം മുതൽ നീ പാപം ചെയ്തിരിക്കുന്നു;

അവർ ഇന്നും അതേ അവസ്ഥയിൽ തുടരുന്നു;

ഗിബെയയിൽ നീതികെട്ടവരോടുള്ള പോരാട്ടം അവരെ കീഴടക്കിയില്ല;

10 ഞാൻ ഇച്ഛിക്കുമ്പോൾ അവരെ ശിക്ഷിക്കും;

അവരുടെ രണ്ടു അകൃത്യങ്ങൾ നിമിത്തം

ഞാൻ അവരെ ശിക്ഷിക്കുമ്പോൾ

ജനതകള്‍ അവർക്കെതിരെ കൂടിവരും.

11 എഫ്രയീം മെരുക്കമുള്ളതും ധാന്യം മെതിക്കുവാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവ് ആകുന്നു;

ഞാൻ അതിന്‍റെ ഭംഗിയുള്ള കഴുത്തിൽ നുകം വയ്ക്കും;

ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടും;

യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും.

12 നീതിയിൽ വിതയ്ക്കുവിൻ;

ദയക്കൊത്തവണ്ണം കൊയ്യുവിൻ;

നിങ്ങളുടെ തരിശുനിലം ഉഴുവിൻ;

യഹോവ വന്ന് നിങ്ങളുടെമേൽ

നീതി വർഷിപ്പിക്കേണ്ടതിന്

അവനെ അന്വേഷിക്കുവാനുള്ള കാലം ഇതാകുന്നു.

13 നിങ്ങൾ ദുഷ്ടത ഉഴുത്,

നീതികേട് കൊയ്ത്,

ഭോഷ്കിന്‍റെ ഫലം തിന്നിരിക്കുന്നു;

നിങ്ങൾ സ്വന്ത വഴിയിലും

നിങ്ങളുടെ വീരന്മാരുടെ സംഖ്യാബലത്തിലും ആശ്രയിച്ചിരിക്കുന്നു.

14 അതുകൊണ്ട് നിന്‍റെ ജനത്തിന്‍റെ ഇടയിൽ ഒരു കലഹം ഉണ്ടാകും;

യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ

നിങ്ങളുടെ എല്ലാ കോട്ടകൾക്കും നാശം വരും;

അവർ അമ്മയെ മക്കളോടുകൂടി തകർത്തുകളഞ്ഞുവല്ലോ.

15 അങ്ങനെ തന്നെ ബേഥേലേ!

നിങ്ങളുടെ മഹാദുഷ്ടതനിമിത്തം നിങ്ങൾക്ക് ഇത് സംഭവിക്കും;

പുലർച്ചയ്ക്ക് യിസ്രായേൽ രാജാവ് അശേഷം നശിച്ചുപോകും.

Veja também

Publicidade
Oséias
Ver todos os capítulos de Oséias
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-