Publicidade

Oséias 11

യിസ്രായേലിനോടുള്ള ദൈവത്തിന്‍റെ സ്നേഹം

1 "യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു;

മിസ്രയീമിൽ നിന്ന് ഞാൻ എന്‍റെ മകനെ വിളിച്ചു.

2 എന്നാൽ, ഞാൻ അവരെ വിളിക്കുന്തോറും

അവർ എന്നെ വിട്ടകന്നുപോയി;

ബാല്‍ ബിംബങ്ങൾക്ക് അവർ ബലികഴിച്ചു,

വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി.

3 ഞാൻ എഫ്രയീമിനെ നടക്കുവാൻ പരിശീലിപ്പിച്ചു;

ഞാൻ അവരെ എന്‍റെ ഭുജങ്ങളിൽ എടുത്തു;

എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി

എന്ന് അവർ അറിഞ്ഞില്ല.

4 ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ട് തന്നെ,

ഞാൻ അവരെ നയിച്ചു;

അവരുടെ കഴുത്തിൽനിന്ന് നുകം നീക്കിക്കളയുന്നവനെപ്പോലെ അവർക്ക് ഞാൻ ആയിരുന്നു;

ഞാൻ കുനിഞ്ഞ് അവർക്ക് ഭക്ഷണം ഇട്ടുകൊടുത്തു.

5 "അവർ മിസ്രയീം ദേശത്തേക്ക് മടങ്ങിപ്പോകുകയില്ല;

എന്നാൽ എങ്കലേക്ക് മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായ്കകൊണ്ട്

അശ്ശൂര്യൻ അവരുടെ രാജാവാകും.

6 അവരുടെ നഗരങ്ങൾക്കു നേരെ വാൾ ആഞ്ഞുവീശും.

നഗരകവാടങ്ങളുടെ ഓടാമ്പലുകൾ തകർക്കും.

അവരുടെ ആലോചനയാൽ തന്നെ അവർ നശിക്കും.

7 എന്‍റെ ജനം എന്നെ വിട്ട് പിന്തിരിയുവാൻ ഒരുങ്ങിയിരിക്കുന്നു;

അവർ അത്യുന്നതനോട് നിലവിളിച്ചാലും

അവൻ അവരെ ഉയർത്തുകയില്ല.

8 എഫ്രയീമേ, ഞാൻ നിന്നെ എങ്ങനെ വിട്ടുകൊടുക്കും?

യിസ്രായേലേ, ഞാൻ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും?

ഞാൻ നിന്നെ എങ്ങനെ ആദ്മമയെപ്പോലെ ആക്കും?

ഞാൻ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീർക്കും?

എന്‍റെ ഹൃദയം എന്നെ അതിന് അനുവദിക്കുന്നില്ല;

എനിക്ക് നിങ്ങളോട് അയ്യോഭാവം തോന്നുന്നു.

9 എന്‍റെ ഉഗ്രകോപം ഞാൻ ചൊരിയുകയില്ല;

ഞാൻ എഫ്രയീമിനെ വീണ്ടും നശിപ്പിക്കുകയുമില്ല;

ഞാൻ മനുഷ്യനല്ല ദൈവം അത്രേ.

നിങ്ങളുടെ നടുവിൽ പരിശുദ്ധൻ തന്നെ;

ഞാൻ ക്രോധത്തോടെ വരുകയുമില്ല.

10 അവർ യഹോവയെ അനുഗമിക്കും.

അവിടുന്ന് സിംഹംപോലെ ഗർജിക്കും;

യഹോവ ഗർജിക്കുമ്പോൾ പടിഞ്ഞാറുനിന്ന് അവിടുത്തെ മക്കൾ വിറച്ചുകൊണ്ട് വരും.

11 അവർ പക്ഷികളെപ്പോലെ മിസ്രയീമിൽനിന്നും

പ്രാവുകളെപ്പോലെ അശ്ശൂരിൽനിന്നും വിറച്ചുകൊണ്ട് വരും;

ഞാൻ അവരെ അവരുടെ വീടുകളിൽ പാർപ്പിക്കും"

എന്ന് യഹോവയുടെ അരുളപ്പാട്.

യിസ്രായേലിന്‍റെ പാപം

12 എഫ്രയീം കാപട്യം കൊണ്ടും

യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിയിരിക്കുന്നു;

എന്നാൽ യെഹൂദായെ ദൈവം ഇന്നും അറിയുന്നു.

അവൻ പരിശുദ്ധനായവനോടു വിശ്വസ്തത പുലർത്തുന്നു.

Veja também

Publicidade
Oséias
Ver todos os capítulos de Oséias
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-