Publicidade

Isaías 12

സ്തോത്രഗീതങ്ങൾ

1 ആ ദിവസത്തിൽ നിങ്ങൾ ഇപ്രകാരം പറയും:

"യഹോവേ, ഞാൻ അങ്ങേക്കു സ്തോത്രംചെയ്യുന്നു.

അങ്ങ് എന്നോടു കോപിച്ചിരുന്നെങ്കിലും,

അങ്ങയുടെ കോപം നീങ്ങിപ്പോകുകയും

എന്നെ ആശ്വസിപ്പിക്കുകയും ചെയ്തിരിക്കുന്നു.

2 ഇതാ, ദൈവം എന്റെ രക്ഷയാകുന്നു;

ഞാൻ വിശ്വസിക്കും, ഭയപ്പെടുകയില്ല.

യഹോവ, യഹോവതന്നെ എന്റെ ബലവും എന്റെ സംഗീതവും ആകുന്നു;

അവിടന്ന് എന്റെ രക്ഷയായും തീർന്നിരിക്കുന്നു."

3 അതിനാൽ നിങ്ങൾ രക്ഷയുടെ ഉറവുകളിൽനിന്ന്

ആനന്ദത്തോടെ വെള്ളം കോരും.

4 അന്നാളിൽ നിങ്ങൾ പറയും:

"യഹോവയ്ക്കു സ്തോത്രംചെയ്യുക; അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക;

അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക,

അവിടത്തെ നാമം ഉന്നതമെന്നു ഘോഷിക്കുക.

5 യഹോവയ്ക്കു പാടുക, അവിടന്ന് മഹത്തരമായ കാര്യങ്ങൾ ചെയ്തിരിക്കുന്നു;

ഇതു ഭൂമി മുഴുവൻ പ്രസിദ്ധമായിത്തീരട്ടെ.

6 സീയോൻ നിവാസികളേ, ഇസ്രായേലിന്റെ പരിശുദ്ധൻ,

നിങ്ങളുടെ മധ്യേ ഉന്നതനായിരിക്കുകയാൽ ഉച്ചത്തിൽ ആർക്കുകയും ആനന്ദഗീതം ആലപിക്കുകയുംചെയ്യുക."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-