Pular para o conteúdo
Publicidade

യെശയ്യാവ് 56

സകലരാഷ്ട്രങ്ങൾക്കുമുള്ള അനുഗ്രഹം

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"നിങ്ങൾ ന്യായം പാലിക്കുകയും

നീതി പ്രവർത്തിക്കുകയും ചെയ്യുക,

കാരണം എന്റെ രക്ഷ സമീപം ആയിരിക്കുന്നു,

എന്റെ നീതി വളരെവേഗംതന്നെ വെളിപ്പെടും.

2 ശബ്ബത്തിനെ അശുദ്ധമാക്കാതെ അതു പാലിക്കുക

തിന്മ പ്രവർത്തിക്കാതെ തങ്ങളുടെ കൈകളെ സൂക്ഷിക്കുക

ഇവ ചെയ്യുന്ന മനുഷ്യർ അനുഗൃഹീതർ,

ഇവ മുറുകെപ്പിടിക്കുന്നവരുംതന്നെ."

3 "യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് നിശ്ശേഷം അകറ്റിയിരിക്കുന്നു,"

എന്ന് യഹോവയോടു ചേർന്നിട്ടുള്ള ഒരു വിദേശിയും പറയാതിരിക്കട്ടെ.

"ഞാൻ ഉണങ്ങിയ ഒരു വൃക്ഷമാണ്,"

എന്ന് ഒരു ഷണ്ഡനും പറയാതിരിക്കട്ടെ.

4 കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"എന്റെ ശബ്ബത്തുകളെ ആചരിക്കുകയും

എനിക്കു പ്രസാദകരമായവ തെരഞ്ഞെടുക്കുകയും

എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോട്—

5 അവർക്കും ഞാൻ എന്റെ ആലയത്തിലും എന്റെ മതിൽക്കെട്ടിനുള്ളിലും

പുത്രീപുത്രന്മാരെക്കാൾ മെച്ചമായൊരു

സ്മാരകവും പേരും നൽകും;

എന്നെന്നും നിലനിൽക്കുന്ന

ഒരു ശാശ്വതനാമം ഞാൻ അവർക്കു നൽകും.

6 യഹോവയെ സേവിക്കാനും

അവിടത്തെ നാമം സ്നേഹിക്കാനും

അവിടത്തെ ദാസരായിരിക്കാനും

യഹോവയോടു ചേർന്നിട്ടുള്ള എല്ലാ യെഹൂദേതരരെയും,

ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും

എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന എല്ലാവരെയും—

7 ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും,

എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തുഷ്ടരാക്കിത്തീർക്കും.

അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും

എന്റെ യാഗപീഠത്തിന്മേൽ സ്വീകാര്യമായിത്തീരും.

എന്റെ ആലയം സകലജനതകൾക്കുമുള്ള

പ്രാർഥനാലയം എന്നു വിളിക്കപ്പെടും."

8 ഇസ്രായേലിന്റെ ഭ്രഷ്ടരെ ചേർത്തുകൊള്ളുന്ന

യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു:

"എന്നോടു ചേർക്കപ്പെട്ടവർക്കു പുറമേ

മറ്റുള്ളവരെയും ഞാൻ കൂട്ടിച്ചേർക്കും."

ദുഷ്ടനേതാക്കൾക്കുള്ള താക്കീത്

9 വയലിലെ സകലമൃഗങ്ങളേ,

കാട്ടിലെ സകലജന്തുക്കളേ, വന്നു ഭക്ഷിക്കുക!

10 ഇസ്രായേലിന്റെ കാവൽക്കാർ അന്ധരാണ്,

അവർ അറിവില്ലാത്തവർ

അവർ എല്ലാവരും കുരയ്ക്കാൻ കഴിയാത്ത

ഊമനായ്ക്കൾതന്നെ.

അവർ നിദ്രപ്രിയരായി

സ്വപ്നംകണ്ടു കിടന്നുറങ്ങുന്നു.

11 അവർ ഒരിക്കലും തൃപ്തിവരാത്ത,

ആർത്തിപൂണ്ട, നായ്ക്കൾ.

അവർ ഗ്രഹണശക്തിയില്ലാത്ത ഇടയന്മാർതന്നെ;

അവരെല്ലാം സ്വന്തവഴിക്കു തിരിയുന്നു,

അവർ സ്വന്തം ലാഭം അന്വേഷിക്കുന്നു.

12 "വരിക, ഞാൻ വീഞ്ഞുകൊണ്ടുവരട്ടെ!

നമുക്കു ലഹരിപാനീയം തൃപ്തിവരുന്നതുവരെ കുടിക്കാം!

ഇന്നത്തെപ്പോലെ നാളെയും

അധികം സമൃദ്ധിയോടെതന്നെ," എന്ന് അവർ പറയുന്നു.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.