Publicidade

Isaías 35

വീണ്ടെടുക്കപ്പെട്ടവരുടെ സന്തോഷം

1 മരുഭൂമിയും വരണ്ടുണങ്ങിയ നിലവും ആഹ്ലാദിക്കും;

മരുഭൂമി ആനന്ദിച്ചു പുഷ്പിണിയാകും.

കുങ്കുമച്ചെടിപോലെ 2 അത് പൊട്ടിവിടരും;

ആനന്ദത്തോടും പാട്ടോടുംകൂടി അത് ഉല്ലസിക്കും.

ലെബാനോന്റെ മഹത്ത്വം അതിനു ലഭിക്കും,

കർമേലിന്റെയും ശാരോന്റെയും ശോഭയുംതന്നെ,

അവർ യഹോവയുടെ തേജസ്സും

നമ്മുടെ ദൈവത്തിന്റെ പ്രതാപവും ദർശിക്കും.

3 തളർന്ന കൈകൾ ശക്തിപ്പെടുത്തുക,

കുഴഞ്ഞ കാൽമുട്ടുകൾ നേരേയാക്കുക;

4 ഹൃദയത്തിൽ ഭയമുള്ളവരോട്:

"ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ട,

നിങ്ങളുടെ ദൈവം വരും,

പ്രതികാരവുമായി അവിടന്ന് വരും;

പാരിതോഷികം അവിടത്തെ പക്കൽ ഉണ്ട്,

അവിടന്നു നിങ്ങളെ രക്ഷിക്കുന്നതിനായി വരും" എന്നു പറയുക.

5 അന്ന് അന്ധരുടെ കണ്ണുകൾ തുറക്കും,

ചെകിടരുടെ കാതുകൾ അടഞ്ഞിരിക്കുകയുമില്ല.

6 മുടന്തർ അന്നു മാനിനെപ്പോലെ കുതിച്ചുചാടും,

ഊമരുടെ നാവ് ആനന്ദത്താൽ ആർപ്പിടും.

മരുഭൂമിയിൽ വെള്ളവും വരണ്ടുണങ്ങിയ നിലത്ത്

അരുവികളും പൊട്ടിപ്പുറപ്പെടും.

7 വരണ്ടപ്രദേശം ജലാശയമായും

ദാഹാർത്തമായ ഭൂമി നീരുറവകളായും തീരും.

ഒരിക്കൽ കുറുനരികളുടെ വാസസ്ഥലം ആയിരുന്നിടത്ത്,

പുല്ലും ഓടപ്പുല്ലും ഞാങ്ങണയും വളരും.

8 അവിടെ ഒരു രാജവീഥി ഉണ്ടാകും;

അത് പരിശുദ്ധിയുടെ പാത എന്നു വിളിക്കപ്പെടും;

തെരഞ്ഞെടുക്കപ്പെട്ടവർക്കുമാത്രമാണ് ആ രാജവീഥി.

അശുദ്ധർ അതിൽ യാത്രചെയ്യുകയില്ല;

ദുഷ്ടരായ ഭോഷർ ആ വഴി വരുകയേയില്ല.

9 അവിടെ ഒരു സിംഹവും ഉണ്ടാകുകയില്ല;

ഒരു ഹിംസ്രമൃഗവും അവിടെ സഞ്ചരിക്കുകയില്ല;

ആ വകയൊന്നും അവിടെ കാണുകയില്ല.

വീണ്ടെടുക്കപ്പെട്ടവർമാത്രം അതിൽ സഞ്ചരിക്കും,

10 യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും.

സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും;

നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും.

ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും,

ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-