Publicidade

Provérbios 1

1 യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.

2 ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും

വിവേകവചനങ്ങളെ ഗ്രഹിപ്പാനും

3 പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും

4 അല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും

ബാലന്നു പരിജ്ഞാനവും വകതിരിവും നല്കുവാനും

5 ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും,

ബുദ്ധിമാൻ സദുപദേശം സമ്പാദിപ്പാനും

6 സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും

ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.

7 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;

ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.

8 മകനേ, അപ്പന്റെ പ്രബോധനം കേൾക്ക;

അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു;

9 അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും

നിന്റെ കഴുത്തിന്നു സരപ്പളിയും ആയിരിക്കും.

10 മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു.

11 ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക;

നിർദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക.

12 പാതാളംപോലെ അവരെ ജീവനോടെയും

കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളക.

13 നമുക്കു വിലയേറിയ സമ്പത്തൊക്കെയും കിട്ടും;

നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം.

14 നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും;

നമുക്കു എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ,

15 മകനേ, നീ അവരുടെ വഴിക്കു പോകരുതു;

നിന്റെ കാൽ അവരുടെ പാതയിൽ വെക്കയുമരുതു.

16 അവരുടെ കാൽ ദോഷം ചെയ്‌വാൻ ഓടുന്നു;

രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു.

17 പക്ഷി കാൺകെ വലവിരിക്കുന്നതു വ്യർത്ഥമല്ലോ.

18 അവർ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു;

സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.

19 ദുരാഗ്രഹികളായ ഏവരുടെയും വഴികൾ അങ്ങനെ തന്നേ;

അതു അവരുടെ ജീവനെ എടുത്തുകളയുന്നു.

20 ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു;

വിശാലസ്ഥലത്തു സ്വരം കേൾപ്പിക്കുന്നു.

21 അവൾ ആരവമുള്ള തെരുക്കളുടെ തലെക്കൽനിന്നു വിളിക്കുന്നു;

നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു:

22 ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കയും

പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കയും

ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?

23 എന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ;

ഞാൻ എന്റെ മനസ്സു നിങ്ങൾക്കു പൊഴിച്ചു തരും;

എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.

24 ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും

ഞാൻ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും

25 നിങ്ങൾ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും

എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു

26 ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും;

നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും.

27 നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും

നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോൾ,

കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നേ.

28 അപ്പോൾ അവർ എന്നെ വിളിക്കും;

ഞാൻ ഉത്തരം പറകയില്ല.

എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.

29 അവർ പരിജ്ഞാനത്തെ വെറുത്തല്ലോ;

യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.

30 അവർ എന്റെ ആലോചന അനുസരിക്കാതെ

എന്റെ ശാസന ഒക്കെയും നിരസിച്ചു കളഞ്ഞതുകൊണ്ടു

31 അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും

തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും.

32 ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും;

ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.

33 എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും

ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-