Publicidade

Provérbios 10

1 ശലോമോന്റെ സദൃശവാക്യങ്ങൾ

ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;

ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു.

2 ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല;

നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.

3 യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല;

ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു.

4 മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു;

ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.

5 വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ;

കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ.

6 നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു;

എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.

7 നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടതു;

ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.

8 ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു;

വിടുവായനായ ഭോഷനോ വീണുപോകും.

9 നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു;

നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.

10 കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു;

തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.

11 നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു.

എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.

12 പക വഴക്കുകൾക്കു കാരണം ആകുന്നു;

സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു.

13 വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു;

ബുദ്ധിഹീനന്റെ മുതുകിന്നോ വടി കൊള്ളാം.

14 ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു;

ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.

15 ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം;

എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ.

16 നീതിമാന്റെ സമ്പാദ്യം ജീവഹേതുവും

ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.

17 പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു;

ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു;

18 പക മറെച്ചുവെക്കുന്നവൻ പൊളിവായൻ;

ഏഷണി പറയുന്നവൻ ഭോഷൻ.

19 വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല;

അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.

20 നീതിമാന്റെ നാവു മേത്തരമായ വെള്ളി;

ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.

21 നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും;

ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.

22 യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു;

അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.

23 ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു;

ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ.

24 ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും;

നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.

25 ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി;

നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.

26 ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ

മടിയൻ തന്നേ അയക്കുന്നവർക്കു ആകുന്നു.

27 യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു;

ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.

28 നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു;

ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും.

29 യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുർഗ്ഗം;

ദുഷ്പ്രവൃത്തിക്കാർക്കോ അതു നാശകരം.

30 നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല;

ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല.

31 നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു;

വക്രതയുള്ള നാവോ ഛേദിക്കപ്പെടും.

32 നീതിമാന്റെ അധരങ്ങൾ പ്രസാദകരമായതു അറിയുന്നു;

ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-